കിച്ചനർ : വാട്ടർലൂ സിറ്റിയിൽ അത്യാധുനിക നീന്തൽ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് മേയർ ഡൊറോത്തി മക്കബെ. 50 മീറ്റർ നീളമുള്ള നീന്തൽക്കുളം, പരിശീലനത്തിനുള്ള മറ്റൊരു കുളം, ട്രെയിനിങ് മുറികൾ, മീറ്റിങ് ഹാളുകൾ എന്നിവ ഉൾപ്പെടുന്ന സൗകര്യം ഒരുക്കാനുള്ള സാധ്യതകൾ പരിശോധിക്കാനുള്ള പ്രമേയം മക്കബെ, ഇന്ന് സിറ്റി കൗൺസിലിൽ അവതരിപ്പിക്കും. നിലവിലെ ഒരേയൊരു 50 മീറ്റർ നീന്തൽക്കുളം വിൽഫ്രിഡ് ലോറിയർ യൂണിവേഴ്സിറ്റിയിലാണ് ഉള്ളത്. എന്നാൽ അതിൻ്റെ കാലപ്പഴക്കം കാരണം പുതിയ ഒന്നിൻ്റെ ആവശ്യകത വർധിച്ചിരിക്കുകയാണെന്ന് മേയർ ചൂണ്ടിക്കാട്ടി. പ്രവിശ്യയിൽ വർധിച്ചുവരുന്ന ജനസംഖ്യക്ക് അനുസരിച്ചുള്ള നീന്തൽ സൗകര്യങ്ങൾ കുറവാണെന്നും മേയർ അഭിപ്രായപ്പെട്ടു.

ഈ പുതിയ സൗകര്യം വിനോദപരിപാടികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും, ഒപ്പം മികച്ച നീന്തൽ താരങ്ങളെ പരിശീലിപ്പിക്കാൻ വാട്ടർലൂവിനും അയൽ സമൂഹങ്ങൾക്കും ഉപകരിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകളിൽ നിന്നും മറ്റ് പങ്കാളികളിൽ നിന്നും ഫണ്ടിങ് ലഭിച്ചാൽ മാത്രമേ ഈ പദ്ധതിയുമായി മുന്നോട്ട് പോകാൻ സിറ്റിക്ക് താല്പര്യമുള്ളൂ. നീന്തലിന്റെ പ്രൊവിൻഷ്യൽ ഭരണസമിതിയായ സ്വിം ഒന്റാരിയോ ഈ പദ്ധതിയിൽ താല്പര്യം അറിയിച്ചിട്ടുണ്ട്. ഇന്നത്തെ കൗൺസിൽ മീറ്റിങ്ങിൽ പ്രമേയം അവതരിപ്പിക്കുകയും നവംബർ 24-ന്, കൗൺസിലിന്റെ പരിഗണനയ്ക്ക് എടുക്കുകയും ചെയ്യും.
