ഓട്ടവ: രാജ്യത്തുടനീളം തുടരുന്ന ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി ഡോക്ടർമാർക്കുള്ള പുതിയ എക്‌സ്പ്രസ് എൻട്രി കാറ്റഗറി ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലെജ് ഡയബ് പ്രഖ്യാപിച്ചു. കാനഡയിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും നിലനിൽക്കുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ക്ഷാമം പരിഹരിക്കുന്നതിനായി യോഗ്യതയുള്ള വിദേശ ഡോക്ടർമാർക്ക് സ്ഥിരതാമസത്തിനുള്ള നടപടികൾ ലളിതമാക്കാനാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഫിസിഷ്യൻമാർ, നഴ്‌സുമാർ, ദന്തഡോക്ടർമാർ, ഒപ്റ്റോമെട്രിസ്റ്റുകൾ തുടങ്ങിയവർക്കായി നിലവിൽ ആരോഗ്യ പ്രവർത്തകർക്കായി കാറ്റഗറി അടിസ്ഥാനത്തിൽ എക്‌സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ ഐ.ആർ.സി.സി നടത്തുന്നുണ്ട്. അതേസമയം ആരോഗ്യപ്രവർത്തകർക്കായുള്ള പുതിയ എക്‌സ്പ്രസ് എൻട്രി കാറ്റഗറിയിൽ ജനറൽ പ്രാക്ടീഷണർമാർ ഫാമിലി ഫിസിഷ്യൻമാർ (31102), ശസ്ത്രക്രിയാ വിദഗ്ധർ (31101), ക്ലിനിക്കൽ, ലബോറട്ടറി മെഡിസിൻ മേഖലയിലെ വിദഗ്ധർ (31100) എന്നിവർ ഉൾപ്പെടുന്നു.

ആരോഗ്യമേഖലയിലെ ഒഴിവുകൾ നികത്താൻ പ്രവിശ്യകൾക്കായി പ്രത്യേകമായി റിസർവ് ചെയ്ത 5,000 പെർമനന്റ് റെസിഡൻസ് അഡ്മിഷൻ നൽകും. പ്രാക്ടീസ്-റെഡി ഫിസിഷ്യൻമാരുടെ വർക്ക് പെർമിറ്റ് പ്രോസസിങ് അതിവേഗം നടത്തുമെന്നും മന്ത്രി ലെന മെറ്റ്ലെജ് ഡയബ് പറഞ്ഞു. ആരോഗ്യമേഖലയിലെ ഒഴിവുകൾ നികത്തുന്നതിലൂടെ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് കൂടുതൽ സ്ഥിരതയും കൂടാതെ രോഗികൾക്ക് മെച്ചപ്പെട്ട പരിചരണവും നൽകാൻ സാധിക്കുമെന്ന് മന്ത്രി പറയുന്നു. ഈ പുതിയ വിഭാഗത്തിന് കീഴിൽ അപേക്ഷകൾ 2026 തുടക്കത്തിൽ ആരംഭിക്കുമെന്നും ലെന മെറ്റ്ലെജ് ഡയബ് അറിയിച്ചു. നിലവിലുള്ള മറ്റെല്ലാ എക്‌സ്പ്രസ് എൻട്രി വിഭാഗങ്ങൾക്കൊപ്പമാണ് ഈ വിഭാഗം നിലവിൽ പ്രവർത്തിക്കുക.
