ഓട്ടവ: ഫെഡറൽ സർക്കാർ ജീവനക്കാർ ഓഫീസിൽ കൂടുതൽ സമയം ചെലവഴി ക്കുന്നതിനായുള്ള പുതിയ നയം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. നിലവിലുള്ള ഹൈബ്രിഡ് വർക്ക് സമ്പ്രദായത്തിൽ മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുന്നതായുള്ള സൂചനയാണ് കാർണി നൽകിയത്. അതേ സമയം പുതുതായി കൊണ്ടു വരുന്ന നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുന്നതായിരിക്കണമെന്ന് ലിബറൽ എം.പിമാർ ഉൾപ്പെടെ ആവശ്യപ്പെട്ടു. സിവിൽ സർവീസിനായുള്ള ‘ബാക്ക്-ടു-ഓഫീസ്’ നയം സംബന്ധിച്ച വിശദാംശങ്ങൾ അടുത്ത ആഴ്ചകളിൽ വ്യക്തമാക്കുമെന്നാണ് കാർണി ഓട്ടവ മേയർ മാർക്ക് സട്ട് ക്ളിഫുമായി നടന്ന ചർച്ചയിൽ അറിയിച്ചത്. ഇക്കാര്യം പൊതുമേഖലാ യൂണിയനുകളുമായി സർക്കാർ ചർച്ച ചെയ്യും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സർക്കാർ ജീവനക്കാരുടെ എണ്ണം താങ്ങാൻ കഴിയാത്തത്ര വളർന്നുവെന്ന് പ്രധാനമന്ത്രി കാർണി പറഞ്ഞു. സാധാരണ വിരമിക്കൽ, നേരത്തെയുള്ള വിരമിക്കൽ, മറ്റ് ക്രമീകരണങ്ങൾ എന്നിവയിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ഉദ്യോഗസ്ഥരുടെ പദവി, ജോലി സ്വഭാവം, സീനിയോറിറ്റി എന്നിവ അനുസരിച്ച് ഓഫീസിൽ എത്തേണ്ട ദിവസങ്ങളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. ‘എല്ലാവർക്കും ഒറ്റ നിയമം’ എന്ന നിലപാട് ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

2026 ജനുവരി മുതൽ എക്‌സിക്യൂട്ടീവ് സ്റ്റാഫുകളെ ആഴ്ചയിൽ അഞ്ച് ദിവസവും, 2026 ജൂലൈയോടെ നോൺ-എക്‌സിക്യൂട്ടീവ് ജീവനക്കാരെ നാല് ദിവസവും ഓഫീസിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് ട്രഷറി ബോർഡ് ഓഫ് കാനഡ സെക്രട്ടേറിയറ്റിൽ നിന്നുള്ള രേഖകൾ സൂചിപ്പിക്കുന്നത്. 2027 ജനുവരിയോടെ എല്ലാവരും മുഴുവൻ സമയവും ഓഫീസിൽ എത്തണമെന്ന നിലയിലേക്ക് നയം മാറും. 2024 സെപ്റ്റംബർ മുതൽ നിലവിലുള്ള നിയമപ്രകാരം, മിക്ക പൊതു ജീവനക്കാരും ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസവും, എക്‌സിക്യൂട്ടീവുകൾ നാല് ദിവസവും ഓഫീസിൽ ഹാജരാകണം. പുറത്തു വരുന്ന റിപ്പോർട്ടുകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും നിലവിലെ നയത്തിൽ മാറ്റങ്ങളില്ലെന്നും ട്രഷറി ബോർഡ് പ്രസിഡന്റ് ഷഫ്കാത്ത് അലി പറഞ്ഞു. അതേ സമയം നാഷണൽ റിസോഴ്സസ് കാനഡ, പബ്ലിക് സർവീസ് കമ്മീഷൻ, ധനകാര്യ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളിലെ നൂറുകണക്കിന് ജീവനക്കാർക്ക് ജോലി വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസുകൾ ലഭിച്ചതായി യൂണിയനുകൾ അറിയിച്ചു.
