ഓട്ടവ: പൈലറ്റുമാരുടെ പണിമുടക്ക് ഭീഷണിയെത്തുടർന്ന് എയർ ട്രാൻസാറ്റ് വിമാന സർവീസുകൾ നിർത്തിവെക്കുന്നത് തുടരുന്നതിൽ ആശങ്കയറിയിച്ച് യാത്രക്കാർ. 750 പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന എയർ ലൈൻ പൈലറ്റ്‌സ് അസോസിയേഷൻ (ALPA) വാരാന്ത്യത്തിൽ 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് കാരണം ബുധനാഴ്ച പണിമുടക്ക് ആരംഭിക്കാൻ സാധ്യതയുണ്ട്. പണിമുടക്കിന് മുന്നോടിയായി വിമാനങ്ങൾ റദ്ദാക്കുന്നത് വർധിപ്പിക്കുമെന്ന് വിമാനകമ്പനി അറിയിച്ചു.
യാത്ര പൂർണ്ണമായി റദ്ദാക്കപ്പെടുന്നതിലും പണിമുടക്ക് കാരണം വിമാനം വീണ്ടും ബുക്ക് ചെയ്യേണ്ടിവരുന്നതിലെ സാമ്പത്തിക ഭാരവും യാത്രക്കാരുടെ ആശങ്ക വർധിപ്പിച്ചു. പൈലറ്റുമാരുമായി ഒത്തുതീർപ്പ് ചർച്ചകൾ തുടരുന്നുണ്ടെന്ന വാർത്ത പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും പണിമുടക്ക് ഒഴിവാക്കാനായില്ലെങ്കിൽ ലഭിക്കേണ്ട യാത്രാവകാശങ്ങളെക്കുറിച്ച് ആളുകൾ ഉറപ്പ് വരുത്തി.

പണിമുടക്ക് കാരണം വിദേശത്ത് കുടുങ്ങിപ്പോകാൻ സാധ്യതയുള്ള യാത്രക്കാരെ തിരിച്ചെത്തിക്കാൻ കമ്പനി തിങ്കളാഴ്ച നാല് അധിക വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരുന്നു. കരീബിയൻ, മെക്സിക്കോ, യൂറോപ്പ് എന്നിവിടങ്ങളിലെ അവധിക്കാല കേന്ദ്രങ്ങളിലേക്ക് പ്രതിവാരം 500-ൽ അധികം സർവീസുകൾ നടത്തുന്ന പ്രധാന വിനോദ യാത്രാ വിമാനക്കമ്പനിയാണ് എയർ ട്രാൻസാറ്റ്.
