ടൊറൻ്റോ: കാനഡയിലെ ‘റാറ്റിസ്റ്റ് സിറ്റികളുടെ’ പട്ടികയിൽ ഒന്നാമതെത്തി ടൊറന്റോയും കേംബ്രിഡ്ജും. കാനഡയിലെ പ്രധാന പെസ്റ്റ് കൺട്രോൾ കമ്പനിയായ ഓർക്കിൻ കാനഡ (Orkin Canada) യാണ് രാജ്യത്തെ ‘ഏറ്റവും കൂടുതൽ എലിശല്യമുള്ള’ നഗരങ്ങളുടെ 2025-ലെ വാർഷിക പട്ടിക പുറത്തുവിട്ടത്. ഈ പട്ടികയിൽ ദേശീയതലത്തിൽ ടൊറന്റോ നഗരം ഒന്നാമതാണ്. 25 നഗരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒന്റാരിയോ റാങ്കിംഗിൽ കേംബ്രിഡ്ജ് 18-ാം സ്ഥാനത്തുമെത്തി. 2024 ഓഗസ്റ്റ് മുതൽ 2025 ജൂലൈ വരെ ഓർക്കിൻ കാനഡ നടത്തിയ എലിശല്യ നിയന്ത്രണ പ്രവർത്തനങ്ങളുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ റാങ്കിംഗ്. ടൊറന്റോ, മിസിസാഗ, ഓട്ടവ എന്നിവയാണ് ഒന്റാരിയോയിലെ ആദ്യമൂന്ന് നഗരങ്ങൾ. ദേശീയ റാങ്കിംഗിൽ ഒന്റാരിയോയിൽ നിന്നുള്ള മിസിസാഗയ്ക്ക് 6-ാം സ്ഥാനവും, സ്‌കാർബറോയ്ക്ക് 9-ാം സ്ഥാനവും ലഭിച്ചു.

എലിശല്യം ഒഴിവാക്കാൻ ചെടികൾ മുറിച്ചുമാറ്റണമെന്നും വീടിന്റെ പുറംഭാഗത്തുനിന്ന് കുറഞ്ഞത് ഒരു മീറ്റർ അകലത്തിൽ മരച്ചില്ലകളും കുറ്റിച്ചെടികളും വെട്ടിനിർത്തണമെന്നുമാണ് ഓർക്കിൻ നൽകുന്ന നിർദ്ദേശം. 1/4 ഇഞ്ചിൽ കൂടുതലുള്ള എല്ലാ വിള്ളലുകളും മറ്റ് പ്രവേശന കവാടങ്ങളും അടച്ചു സീൽ ചെയ്യണമെന്നും വീടിന്റെ അകത്തും പുറത്തും പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
