ഓട്ടവ: കരീബിയൻ മേഖലയിൽ സംശയാസ്പദമായ മയക്കുമരുന്ന് ബോട്ടുകൾക്കെതിരെ യുഎസ് സേന നടത്തുന്ന മാരകമായ ആക്രമണങ്ങൾ കാനഡ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. 2006 മുതൽ യുഎസ് കോസ്റ്റ് ഗാർഡുമായി സഹകരിച്ച് കാനഡ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനമായ ‘ഓപ്പറേഷൻ കാരിബ്ബെ’ നടത്തിവരികയാണ്. അതേസമയം യുഎസ് വ്യോമസേന നടത്തുന്ന ഈ ആക്രമണങ്ങളുമായി കനേഡിയൻ സായുധ സേനയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ദേശീയ പ്രതിരോധ വകുപ്പ് (ഡിഎൻഡി) വ്യക്തമാക്കി. യുഎസിന്റെ നടപടികൾ ഏകപക്ഷീയമാണെന്നും കാനഡ ഇതിൽ പങ്കുചേരുന്നില്ലെന്നും ഡിഎൻഡി വക്താവ് നിക്ക് ഡ്രെഷർ ബ്രൗൺ പറഞ്ഞു.
കാനഡയുടെ നിയമപരവും തന്ത്രപരവുമായ താൽപ്പര്യങ്ങൾക്ക് അനുസൃതമാണോ പ്രവർത്തനങ്ങൾ എന്ന് ഉറപ്പാക്കാൻ ഓപ്പറേഷണൽ ഇടപെടലുകൾ തുടർച്ചയായി അവലോകനം ചെയ്യുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു. സെപ്റ്റംബർ മുതൽ കരീബിയൻ മേഖലയിൽ യുഎസ് നടത്തിയ ഇരുപതിലധികം ആക്രമണങ്ങളിൽ 87 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. സംശയിക്കപ്പെടുന്ന കടത്തുകാരെ അറസ്റ്റ് ചെയ്യാനുള്ള മുൻനയത്തിൽ നിന്ന് മാറിയാണ് യുഎസ് ഇപ്പോൾ മാരകമായ ആക്രമണങ്ങളിലേക്ക് മാറിയത്.

ഈ മാറ്റം കാനഡയെയും മറ്റ് സഖ്യകക്ഷികളെയും പ്രയാസകരമായ നിലപാടിലെത്തിച്ചിരിക്കുകയാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ സെന്റർ ഫോർ മിലിട്ടറി, സെക്യൂരിറ്റി ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് ഡയറക്ടർ റോബ് ഹ്യൂബർട്ട് അഭിപ്രായപ്പെട്ടു. “കനേഡിയൻ പൗരന്മാർ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ അകപ്പെടില്ലെന്ന് ഉറപ്പാക്കാൻ കനേഡിയൻ സർക്കാർ വളരെ ജാഗ്രത പാലിക്കുന്നുണ്ടെന്നും
അദ്ദേഹം പറഞ്ഞു.
യുഎസുമായുള്ള സഹകരണത്തിൽ നിന്ന് യുകെ, കൊളംബിയ എന്നീ രാജ്യങ്ങൾ നവംബറിൽ പിന്മാറിയത് കാനഡക്ക് മേലുള്ള സമ്മർദ്ദം വർധിപ്പിച്ചു. കരീബിയൻ മേഖലയിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് യുഎസുമായി പങ്കുവെച്ചിരുന്ന ഇന്റലിജൻസ് വിവരങ്ങൾ ഈ രാജ്യങ്ങൾ നിർത്തിവെച്ചു. ജി 7 മീറ്റിങ്ങുകളിൽ ഫ്രാൻസ് യുഎസിന്റെ സൈനിക നീക്കങ്ങളെ പരസ്യമായി വിമർശിച്ചപ്പോഴും കനേഡിയൻ ഉദ്യോഗസ്ഥർ നിശബ്ദത പാലിച്ചിരുന്നു. തങ്ങളുടെ പങ്കാളി യുഎസ് കോസ്റ്റ് ഗാർഡ് ആണെന്നും ആക്രമണങ്ങൾ നടത്തുന്ന യുഎസ് വ്യോമസേനയല്ലെന്നും കാനഡ പറയുന്നുണ്ടെങ്കിലും, രണ്ട് സ്ഥാപനങ്ങളും ഒരേ സൈനിക വകുപ്പിന് കീഴിലായതിനാൽ ഈ വാദം ദുർബലമാണെന്ന് സൈനിക വിദഗ്ധൻ റോബ് ഹ്യൂബർട്ട് വ്യക്തമാക്കി.

ഓപ്പറേഷൻ കാരിബ്ബെ ദൗത്യത്തിൽ നിന്ന് കാനഡ പിന്മാറിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഹ്യൂബർട്ട് മുന്നറിയിപ്പ് നൽകി. കാനഡയിലേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയാൻ അമേരിക്കൻ ഭരണകൂടം സഹായിച്ചേക്കില്ല എന്നത് കാനഡയ്ക്ക് രാഷ്ട്രീയപരമായി തിരിച്ചടിയാകും. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ കാനഡക്ക് പങ്കുചേരാൻ കഴിയില്ലെന്ന് ദേശീയ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി വ്യക്തമാക്കുക എന്നതാണ് ഈ പ്രതിസന്ധിയിൽ കാനഡക്ക് മുന്നിലുള്ള ഏക പോംവഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
