മിസ്സിസാഗ: വിവിധ മെഡിക്കൽ ക്ലിനിക്കുകളിലെ വനിതാ ജീവനക്കാർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ബ്രാംപ്ടൺ സ്വദേശി വൈഭവ് (38) നെ അറസ്റ്റ് ചെയ്തതായി റീജിയൻ ഒഫ് പീൽ പോലീസ് അറിയിച്ചു. പീൽ റീജിയൺ പോലീസിന്റെ 12 ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോ (CIB) ആണ് കേസ് അന്വേഷിക്കുന്നത്.
ഇക്കഴിഞ്ഞ മാസങ്ങളിൽ പ്രതി മിസ്സിസാഗയിലെ പല മെഡിക്കൽ ക്ലിനിക്കുകൾ സന്ദർശിക്കുകയും വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതായുള്ള വിശദറിപ്പോർട്ട് പൊലീസിന് ലഭിച്ചു. പ്രതി മെഡിക്കൽ ക്ലിനിക്കുകളിൽ വ്യാജ രോഗലക്ഷണങ്ങൾ കാണിച്ച് ചികിത്സയ്‌ക്കെത്തുകയും പരിശോധനയ്‌ക്കിടെ
വനിതാ ഡോക്ടർമാരെ അനുചിതമായി സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് ആരോപണം. ചില സന്ദർഭങ്ങളിൽ പ്രതി ആകാശ്ദീപ് സിംഗ് എന്ന വ്യാജപേരും ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

പൊതുസ്ഥലത്ത് അശ്ലീല പ്രവർത്തി, വ്യക്തിഗത വിവരങ്ങളുടെ തട്ടിപ്പ്, ഐഡന്റിറ്റി രേഖ കൈവശം വെക്കൽ, വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങൾ പ്രതിക്ക് നേരെ ചുമത്തി. അറസ്‌റ്റ് ചെയ്‌ത പ്രതിയെ ജാമ്യ ഹിയറിംഗിനായി കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടാത്ത കൂടുതൽ സംഭവങ്ങൾ ഉണ്ടായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 12 ഡിവിഷൻ CIB: 905-453-2121, ext. 1233, പീൽ ക്രൈം സ്റ്റോപ്പേഴ്സ്: 1-800-222-TIPS (8477) അല്ലെങ്കിൽ www.peelcrimestoppers.ca
