ഓട്ടവ: കാനഡയിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ വേണ്ടി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച ‘എക്സ്പ്രസ് എൻട്രി’ പദ്ധതി താൽക്കാലിക ആശ്വാസം മാത്രമാണെന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ (CMA). രാജ്യത്ത് ഏകദേശം 59 ലക്ഷം ആളുകൾക്ക് സ്ഥിരമായി ഒരു ഡോക്ടറോ ആരോഗ്യ വിദഗ്ദ്ധനോ ഇല്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ കുറവ് പരിഹരിക്കാനാണ് കാനഡയിൽ ഒരു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള വിദേശ ഡോക്ടർമാർക്ക് 14 ദിവസത്തിനുള്ളിൽ അതിവേഗം വർക്ക് പെർമിറ്റ് നൽകുന്ന പുതിയ പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചത്.

എന്നാൽ ഡോക്ടർമാരുടെ ക്ഷാമം പൂർണ്ണമായി മാറ്റാൻ ഈ പദ്ധതി മാത്രം പോരെന്നും രാജ്യത്തെ പരിശീലനത്തിനുള്ള സീറ്റുകളുടെ എണ്ണം കൂട്ടുകയും നിലവിൽ ജോലി ചെയ്യുന്നവരെ രാജ്യത്ത് തന്നെ നിലനിർത്തുകയും വേണമെന്ന് ഡോ. മാർഗോട്ട് ബർണൽ അഭിപ്രായപ്പെട്ടു. ഈ പദ്ധതി പ്രകാരം വരുന്ന ഡോക്ടർമാർക്ക് കാനഡയിലെ ചികിത്സാ നിലവാരം ഉറപ്പാക്കാൻ, അവരുടെ പരിശീലനം വിലയിരുത്തുകയും ആവശ്യമെങ്കിൽ കൂടുതൽ പരിശീലനം നൽകുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ എക്സ്പ്രസ് എൻട്രി വഴി എത്ര ഡോക്ടർമാർ കാനഡയിൽ എത്തുമെന്നും അതുവഴി രോഗികൾക്ക് ചികിത്സ ലഭിക്കുന്നത് മെച്ചപ്പെടുമോ എന്നും അടുത്ത വർഷം വിലയിരുത്തുമെന്ന് CMA അറിയിച്ചു.
