ഓട്ടവ: ജി7 കൂട്ടായ്മയുടെ വ്യവസായം, ഡിജിറ്റൽ, സാങ്കേതിക മന്ത്രിമാരുടെ ദ്വിദിന യോഗത്തിന് ഇന്ന് സമാപനം. ഈ വർഷം ജി7 ന് നേതൃത്വം നൽകുന്നത് കാനഡയായതിനാൽ യോഗത്തിൽ ആഗോള ഡിജിറ്റൽ രംഗത്തെ സഹകരണവും പുതിയ സാങ്കേതികവിദ്യകളുടെ മുന്നേറ്റവുമാണ് പ്രധാനമായും ചർച്ച ചെയ്തത്.
യോഗത്തിന്റെ ആദ്യ ദിനത്തിൽ കാനഡയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി ഇവാൻ സോളമൻ യൂറോപ്പുമായി പുതിയ ഡിജിറ്റൽ ഉടമ്പടികൾ പ്രഖ്യാപിച്ചു. ജർമ്മനിയുമായുള്ള കരാറിലൂടെ AI, ക്വാണ്ടം സാങ്കേതികവിദ്യ, ഡിജിറ്റൽ പരമാധികാരം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സഹകരണം വർധിപ്പിക്കാനാണ് ലക്ഷ്യം. AI യുടെ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗം, ഡിജിറ്റൽ ഐഡന്റിറ്റി സംബന്ധിച്ച സഹകരണം എന്നീ രണ്ട് കരാറുകളിൽ കാനഡ യൂറോപ്യൻ യൂണിയനുമായി (EU) ഒപ്പുവെച്ചു.

AI നിയന്ത്രണത്തിന്റെ കാര്യത്തിൽ യൂറോപ്യൻ യൂണിയനും യുഎസും തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കെയാണ് ഈ നീക്കം. പുതിയ സാങ്കേതിക ഉടമ്പടികളിലൂടെ ആഗോള തലത്തിൽ ഡിജിറ്റൽ രംഗത്ത് കാനഡയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്നതാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം.
