ടൊറന്റോ: വാഹനമോടിക്കുന്നവർക്ക് ആശ്വാസവാർത്തയെത്തുന്നു. ടൊറന്റോയിലും ഗ്രേറ്റർ ടൊറന്റോ ഏരിയയിലും (ജി.ടി.എ) ഇന്ധനവില കുറയും. ഈയാഴ്ച പമ്പുകളിലെത്തുന്നവർക്ക് സന്തോഷവാർത്ത പ്രതീക്ഷിക്കാമെന്നാണ് സൂചന.
ഗണ്യമായ വിലക്കുറവ് തന്നെ അനുഭവപ്പെടും, ബുധനാഴ്ച ഗ്യാസ് വില ലിറ്ററിന് 126.9 സെന്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊറന്റോയിലും ജി.ടി.എയിലും ഇന്ധനവില കുത്തനെ കുറയും. 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും ഇതെന്ന് എൻ-പ്രോ (En-Pro) വ്യവസായ വിദഗ്ദ്ധർ വിലയിരുത്തുന്നു. കൊവിഡ്-19 കാലഘട്ടത്തിൽ യാത്രാ നിയന്ത്രണങ്ങൾ കാരണം ഇന്ധന ആവശ്യകത കുറഞ്ഞപ്പോൾ വില 122.9 സെന്റായി കുറഞ്ഞിരുന്നു. ഇതിനുശേഷം ആദ്യമായാണ് വില ഇത്രയും കുറഞ്ഞ നിരക്കിലെത്തുന്നത്.

ഏപ്രിലിൽ, ഫെഡറൽ ഗവൺമെന്റ് ലിറ്ററിന് 17.6 സെന്റ് ആയി നിശ്ചയിച്ചിരുന്ന കൺസ്യൂമർ കാർബൺ ചാർജ് നിർത്തലാക്കിയതിനെത്തുടർന്ന് ഇന്ധന വില കുത്തനെ ഇടിഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണി അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ നടപടികളിൽ ഒന്നായ ഈ നീക്കം, പമ്പിലെ ചെലവ് കുറയ്ക്കുകയും 2021 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് വില കുറച്ചുകൊണ്ടുവരികയും ചെയ്‌തു.
