ടൊറന്റോ : രാജ്യത്ത് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മനുഷ്യക്കടത്ത് കേസുകളുടെ നിരക്ക് ഏറ്റവും കൂടുതൽ നോവസ്കോഷയിലും ഒന്റാരിയോയിലുമാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ദേശീയ ശരാശരിയായ ഒരു ലക്ഷം പേർക്ക് 1.5 സംഭവങ്ങൾ എന്നതിനേക്കാൾ ഉയർന്നതാണ് ഈ നിരക്കുകൾ. നോവസ്കോഷയിൽ ഇത് 4.5 ഉം, ഒന്റാരിയോയിൽ 2.3 ഉം ആണ്. നഗരങ്ങളിലെ കണക്കെടുത്താൽ, ഗ്വൽഫ് (1 ലക്ഷം പേർക്ക് 11 കേസുകൾ), ഹാലിഫാക്സ് (7.5), തണ്ടർ ബേ (6.1) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒന്റാരിയോയിലെ ഉയർന്ന നിരക്കിന് കാരണം, വലിയ ജനസംഖ്യയും ഹൈവേ 401, വിമാനത്താവളങ്ങൾ തുടങ്ങിയ പ്രധാന ഗതാഗത മാർഗ്ഗങ്ങളുമാണ്. അതേസമയം, തീരപ്രദേശമായതിനാലും മനുഷ്യക്കടത്ത് ഇടനാഴിയുടെ പ്രധാന കേന്ദ്രമായതിനാലും ആണ് നോവസ്കോഷയിൽ നിരക്ക് ഉയർന്നതെന്നും റിപ്പോർട്ട് പറയുന്നു.

പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകൾ യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളേക്കാൾ കുറവാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് ഇരകളാകാൻ കൂടുതൽ സാധ്യത. നോവസ്കോഷയിൽ കേസുകളുടെ എണ്ണം വർധിച്ചതിന് ഒരു കാരണം, കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട അവബോധം ലഭിച്ചതും റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങൾ അധികമായതുമാണെന്ന് ആർസിഎംപി ഉദ്യോഗസ്ഥൻ ജെഫ്രി മക്ഫാർലേൻ പറയുന്നു. പലപ്പോഴും പെട്ടെന്ന് പണം നേടാനുള്ള വാഗ്ദാനങ്ങൾ വഴിയാണ് ചൂഷണം ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരകളുടെ സാമ്പത്തിക അരക്ഷിതാവസ്ഥ ചൂഷണം ചെയ്യപ്പെടാൻ കാരണമാകുന്നുവെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
