ഇസ്ലാമാബാദ് : പാക്കിസ്ഥാന്റെ പുതിയ പ്രതിരോധ സേനാ മേധാവി (CDF) ആയി ചുമതലയേറ്റതിന് ശേഷം ആദ്യ പ്രസംഗത്തിൽതന്നെ ഇന്ത്യയ്ക്ക് നേരെ ഭീഷണിസന്ദേശം നൽകി ഫീൽഡ് മാർഷ്യൽ അസിം മുനീർ. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് കൂടുതൽ വേഗതയേറിയതും തീവ്രവുമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഏതെങ്കിലും ആക്രമണമുണ്ടായാൽ പാക്കിസ്ഥാന്റെ പ്രതികരണം ഇതിലും വേഗത്തിലുള്ളതും കഠിനവുമായിരിക്കില്ലെന്ന മിഥ്യാധാരണ ഇന്ത്യ വെച്ചുപുലർത്തരുത്,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് മുനീർ പാക്കിസ്ഥാന്റെ മൂന്ന് പ്രതിരോധ സേനകളുടെയും മേധാവിയായി ചുമതലയേറ്റത്.

പാക്കിസ്ഥാൻ സമാധാനപരമായി മുന്നോട്ടുപോകുന്ന രാജ്യമാണെന്നും, അതേസമയം രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയേയോ പരമാധികാരത്തെയോ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും സായുധ സേനാംഗങ്ങളോട് സംസാരിക്കവെ മുനീർ വ്യക്തമാക്കി. വളരുന്ന ഭീഷണികളെ നേരിടാൻ മൂന്ന് സേനകളുടെയും (കരസേന, നാവികസേന, വ്യോമസേന) ഏകീകൃത സംവിധാനത്തിന് കീഴിൽ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
