Tuesday, December 9, 2025

മരുന്നുകൾ ഉപയോഗിച്ചിട്ടില്ല; വിലക്കിലും മത്സരം തുടരുമെന്ന്‌ നീന്തൽ താരം പെന്നി ഒലെക്സിയാക്

ടൊറന്റോ: നിരോധിത മരുന്നുകൾ ഉപയോഗിച്ചിട്ടില്ലെന്ന് നീന്തൽ താരം പെന്നി ഒലെക്സിയാക്‌. ഏഴ് ഒളിമ്പിക് മെഡലുകളുമായി കാനഡയുടെ എക്കാലത്തെയും മികച്ച വനിതാ ഒളിമ്പ്യൻ എന്ന നേട്ടം സ്വന്തമാക്കിയ താരമാണ്‌ ഒലെക്സിയാക്‌. നിരോധിത മരുന്നുകളുടെ പരിശോധനയ്ക്കായി ഹാജരാകാത്തതിനെത്തുടർന്ന് രണ്ട് വർഷത്തെ വിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് താരം വിശദീകരണവുമായെത്തിയത്‌. 2024 ഒക്ടോബറിനും 2025 ജൂണിനും ഇടയിലായി മൂന്ന് തവണ താരം പരിശോധനയ്ക്ക്‌ ഹാജരാകാത്തതിനെ തുടർന്നാണ് നവംബറിൽ രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്.അതേ സമയം താൻ പ്രകടനം മെച്ചപ്പെടുത്താനുള്ള മരുന്നുകൾ ഉപയോഗിച്ചിട്ടില്ലെന്നും അങ്ങനെ ഒരു കാര്യത്തെക്കുറിച്ച്‌ ഒരിക്കലും ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലെന്നും ഒലെക്സിയാക് പറഞ്ഞു.

പരിശീലന ഷെഡ്യൂളിലെ മാറ്റങ്ങളും നീന്തലുമായി ബന്ധമില്ലാത്ത മറ്റ് ജോലിയുടെ തിരക്കും കാരണമാണ് പരിശോധനയ്ക്ക് ഹാജരാകാൻ കഴിയാതിരുന്നത്‌. അതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും താൻ ആഗ്രഹിച്ചതോ പ്രതീക്ഷിച്ചതോ ആയ കാര്യമായിരുന്നില്ലെന്നും അതിൽ ഖേദമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.വിലക്ക് നിലനിൽക്കുന്നുണ്ടെങ്കിലും 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ മത്സരിക്കാൻ ലക്ഷ്യമിടുന്നതായി ഒലെക്സിയാക് പ്രഖ്യാപിച്ചു. നിലവിലെ വിലക്ക് കാരണം താരത്തിന് ടീമിൽ നിന്ന് അകന്ന് പൊതു നീന്തൽക്കുളങ്ങളിൽ പരിശീലനം നടത്തേണ്ട അവസ്ഥയാണ്. വിലക്ക് അവസാനിക്കുമ്പോൾ, ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് ഏകദേശം ഒരു വർഷം ബാക്കിയുണ്ടായിരിക്കും. ഈ സമയം തനിക്ക് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നും താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!