ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (പിഇഐ) ഡിസ്ട്രിക്റ്റ് 2, ജോർജ്ടൗൺ-പോവ്നാൽ ഉപതിരഞ്ഞെടുപ്പിൽ പ്രോഗ്രസ്സീവ് കൺസർവേറ്റീവ്‌സിന്റെ (പിസി) ബ്രണ്ടൻ കറന് വിജയം. ശക്തമായ മത്സരത്തിൽ, ലിബറൽ പാർട്ടി ലീഡർ റോബർട്ട് മിച്ചലിനെ പരാജയപ്പെടുത്തിയാണ് കറൻ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അവസാന രണ്ട് പോളുകൾ എണ്ണിയതിന് ശേഷമാണ് കറൻ വിജയം ഉറപ്പിച്ചത്. കറന് 986 വോട്ടും ലിബറൽ നേതാവ് റോബർട്ട് മിച്ചലിന് 881 വോട്ടും ലഭിച്ചു. മുൻ ഭവനമന്ത്രി സ്റ്റീവൻ മെയേഴ്‌സിന്റെ രാജി ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ വിജയം പ്രവിശ്യയിലെ അധികാര സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തില്ല. 27 സീറ്റുകളുള്ള നിയമസഭയിൽ പ്രീമിയർ റോബ് ലാൻ്റ്സിന്റെ പിസിക്ക് ഇപ്പോൾ 20 സീറ്റുകളോടെ ഭൂരിപക്ഷമുണ്ട്.

അതേസമയം, തോൽവി സമ്മതിച്ച ലിബറൽ ലീഡർ റോബർട്ട് മിച്ചൽ, ഈ ഫലം തങ്ങൾക്ക് പ്രോത്സാഹനമാണെന്ന് അഭിപ്രായപ്പെട്ടു. 2023-ലെ പൊതുതിരഞ്ഞെടുപ്പിൽ ഈ റൈഡിങ്ങിൽ മൂന്നാം സ്ഥാനത്തായിരുന്ന ലിബറലുകൾക്ക് വോട്ടിങ് നില മെച്ചപ്പെടുത്താൻ സാധിച്ചത് ഒരു നേട്ടമായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ ലിബറൽ പാർട്ടിയുടെ നേതാവായി തുടരുമെന്നും അടുത്ത പൊതുതിരഞ്ഞെടുപ്പിനായി ശക്തമായി പ്രവർത്തിക്കുമെന്നും മിച്ചൽ വ്യക്തമാക്കി. ഗ്രീൻ പാർട്ടി സ്ഥാനാർത്ഥി എഡ്ഡി ചൈൽഡ്സ് 200 വോട്ടുകളുമായി മൂന്നാം സ്ഥാനത്തും എൻഡിപിയുടെ കെവിൻ ട്രെയിനർ 40 വോട്ടുകളുമായി നാലാം സ്ഥാനത്തുമാണ് എത്തിയത്. മണ്ഡലത്തിൽ 54 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.
