ഓട്ടവ: കാനഡയിലെ മുൻ സൈനിക ഉദ്യോഗസ്ഥനായ മേജർ ജനറൽ ഡാനി ഫോർട്ടിനെതിരായ ലൈംഗികാതിക്രമ ആരോപണക്കേസ് അന്വേഷണത്തിൽ ഗുരുതരവീഴ്ചയെന്ന് കണ്ടെത്തൽ. പക്ഷപാതപരവും അപര്യാപ്തവുമായ മേൽനോട്ടം കാരണം അന്വേഷണം തകരാറിലായെന്നാണ് മിലിട്ടറി പൊലീസ് കംപ്ലയിന്റ്‌സ് കമ്മീഷൻ (MPCC) കണ്ടെത്തിയത്. കമ്മീഷൻ ചൊവ്വാഴ്ച പുറത്തിറക്കിയ അന്തിമ റിപ്പോർട്ടിലാണ് ഈ നിർണ്ണായക കണ്ടെത്തലുകൾ. ഫോർട്ടിൻ മിലിട്ടറി കോളേജിൽ പഠിക്കുമ്പോൾ 1988-ൽ നടന്ന ഒരു ലൈംഗികാതിക്രമ ആരോപണത്തെക്കുറിച്ചുള്ള കനേഡിയൻ ഫോഴ്സ് നാഷണൽ ഇൻവെസ്റ്റിഗേഷൻ സർവീസ് അന്വേഷണത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ടാണ് മിലിട്ടറി പോലീസ് കംപ്ലയിന്റ്സ് കമ്മീഷൻ പുറത്തിറക്കിയത്. കേസിൽ അന്വേഷകർ ഇരയുടെ മൊഴിയെ മാത്രം അമിതമായി ആശ്രയിക്കുകയും മറ്റ് വിവര സ്രോതസ്സുകൾ തേടാൻ ശ്രമിക്കാതിരിക്കുകയും ചെയ്തത് വലിയ പോരായ്മയായെന്ന് കമ്മീഷൻ വിലയിരുത്തി. അന്വേഷണം ഒരു പ്രത്യേക ദിശയിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. പലപ്പോഴും അന്വേഷണത്തിൽ പക്ഷപാതിത്വ ലക്ഷണങ്ങൾ കാണിച്ചെന്നും റിപ്പോർട്ട് സൂചിപ്പിച്ചു.അന്വേഷണത്തിന് വേണ്ടത്ര മേൽനോട്ടമോ മേലധികാരികളുടെ ശ്രദ്ധയോ ഉണ്ടായില്ലെന്നും പൊലീസ് അന്വേഷണ ഫയലുകളിൽ രേഖകളുടെ അപര്യാപ്തത ഉണ്ടായെന്നും വിലയിരുത്തുന്നു. ഇതോടെ യഥാർത്ഥ പ്രശ്‌നങ്ങൾ കണ്ടെത്താനും തടയാനും സീനിയർ മാനേജർമാർക്ക് കഴിയാതെ പോയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണുന്നു.

ഈ പോരായ്മകൾ വെറും ഭരണപരമായ പിഴവുകളല്ലെന്നും മറിച്ച്, സൈനിക പൊലീസിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കുന്ന ഗുരുതരമായ വീഴ്ചകളാണെന്നും MPCC ചെയർപേഴ്‌സൺ ടാമി ട്രെംബ്ലെ റിപ്പോർട്ടിൽ കുറിച്ചു. 1988-ൽ ഫോർട്ടിൻ മിലിട്ടറി കോളേജിൽ പഠിക്കുന്ന സമയത്ത് നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടതാണ് കേസ്. കാനഡയുടെ കൊവിഡ്-19 വാക്‌സിൻ വിതരണ ദൗത്യത്തിന്റെ തലവനായിരുന്ന ഫോർട്ടിനെ, 2021 മെയ് മാസത്തിൽ അന്വേഷണത്തിന്റെ പേരിൽ തൽസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. 2022ൽ ഡിസംബറിൽ കെബെക്കിലെ സിവിൽ കോടതി ഫോർട്ടിനെ കുറ്റവിമുക്തനാക്കിയിരുന്നു. 2023-ൽ സൈന്യത്തിനും ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ നൽകിയ കേസ് ഒരു നിശ്ചിത തുകയ്ക്ക് ഒത്തുതീർപ്പാക്കിയ ശേഷം അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചു. അതേ സമയം അന്വേഷണത്തിൽ ഗുരുതരമായ പിഴവുകൾ ഉണ്ടായിരുന്നിട്ടും, ആ പിഴവുകൾ കാരണം പ്രോസിക്യൂട്ടർക്ക് കേസ് കൈമാറാനുള്ള അന്വേഷകരുടെ തീരുമാനത്തിന് മാറ്റം വരുത്താമായിരുന്നു എന്ന് തെളിയിക്കാൻ കമ്മീഷന് കഴിഞ്ഞിട്ടില്ല. തെളിവുകൾ സ്വതന്ത്രമായി വിലയിരുത്തി ചാർജ്ജ് ചുമത്താനുള്ള അന്തിമ തീരുമാനം പ്രോസിക്യൂട്ടറുടേതാണ്.
