വാഷിങ്ടൺ: പൊതു സുരക്ഷ ചൂണ്ടിക്കാട്ടി ഈ വർഷം മാത്രം വിവിധ വിഭാഗങ്ങളിൽനിന്നായി 85,000 വീസകൾ അമേരിക്ക റദ്ദാക്കിയതായി റിപ്പോർട്ട് . ഇതിൽ 8000-ലധകവും വിദ്യാർഥി വീസകളാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാണ് ഇത്തവണത്തെ വീസ റദ്ദാക്കലെന്നും റിപ്പോർട്ടിൽ പറയുന്നു.
മദ്യപിച്ച് വാഹനമോടിക്കൽ (ഡിയുഐ), ആക്രമണം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് വീസ റദ്ദാക്കലിന് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ആകെ റദ്ദാക്കിയ വീസയിൽ പകുതിയോളം ഇത്തരം കേസുകളിൽ ഉൾപ്പെട്ടവരുടേതാണ്.

അഫ്ഗാനിസ്താനിൽ നിന്നുള്ള അപേക്ഷകരുടെ സുരക്ഷാ പരിശോധനയുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കുന്നു. എല്ലാ തലങ്ങളും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാതെ വീസ അനുവദിക്കുകയില്ല. എത്ര സമയമെടുത്താലും രാജ്യ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. അമേരിക്കക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് ഉറപ്പാക്കുന്നതുവരെ വീസ നൽകില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്ക നിയന്ത്രണം, വസ്തുതാ പരിശോധന പോലുള്ള പ്രവർത്തനങ്ങൾ വീസ നിഷേധത്തിന് കാരണമാകുമോ എന്ന ചോദ്യത്തിന്, ‘അഭിപ്രായ സ്വാതന്ത്ര്യം അമേരിക്കയുടെ അടിസ്ഥാന മൂല്യമാണ്. അമേരിക്കൻ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന വിദേശികളിൽനിന്ന് ട്രംപ് ഭരണകൂടം സംരക്ഷണം നൽകുന്നുണ്ട്. എന്നാൽ, വീസ അനുവദിക്കുന്ന ഘട്ടത്തിൽ ഈ ഒരൊറ്റ കാര്യം മാത്രമല്ല, അപേക്ഷകന്റെ എല്ലാ സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം’, അദ്ദേഹം പറഞ്ഞു.
അഫ്ഗാനിൽനിന്ന് 2021-ലെ സൈനിക പിന്മാറ്റത്തിനുശേഷമുള്ള സുരക്ഷാ ആശങ്കയുടെ പശ്ചാത്തലത്തിലാണ് വീസ പരിശോധന നടപടി കർശനമാക്കിയതെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ, വീസ റദ്ദാക്കൽ സാധാരണ നടപടിയാണെങ്കിലും പൊതു സുരക്ഷയ്ക്ക് അമേരിക്ക ഊന്നൽ നൽകുന്നതിനാലാണ് വൻതോതിലുള്ള നടപടിയെന്നാണ് വിശദീകരണം.
