എഡ്മിന്റൻ : ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ ഡിജിറ്റൽ വാലറ്റുകൾ വഴിയോ പണമടയ്ക്കാനുള്ള സംവിധാനമൊരുക്കാൻ എഡ്മിന്റൻ ട്രാൻസിറ്റ് സിസ്റ്റം (ETS). യാത്രക്കാർക്ക് ഇനിമുതൽ Arc കാർഡ് സംവിധാനത്തിന് പുറമെ ഈ സേവനം കൂടി ഉപയോഗപ്പെടുത്താമെന്ന് സിറ്റി അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ടാപ്പ് ചെയ്ത് പണം നൽകാനുള്ള ഈ പുതിയ സംവിധാനം ട്രാൻസിറ്റ് ഉപയോഗിക്കാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ETS ബ്രാഞ്ച് മാനേജർ കാരി ഹോട്ടൺ-മാക്ഡോണൾഡ് പറഞ്ഞു. പുതുതായോ ഇടയ്ക്കിടെയോ ട്രാൻസിറ്റ് ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇത് വളരെ സൗകര്യപ്രദമായിരിക്കുമെന്നും ഇത് യാത്രക്കാർ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുമെന്നും എഡ്മിന്റൻ ട്രാൻസിറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ് ചെയർ ഡാനിയൽ വിറ്റ് അഭിപ്രായപ്പെട്ടു.

ഈ പേയ്‌മെന്റ് വിപുലീകരണം, Arc കാർഡ് ഉപയോഗിക്കുന്ന സെന്റ് ആൽബർട്ട്, ലെഡക്, സ്ട്രാത്‌കോണ കൗണ്ടി തുടങ്ങിയ അയൽ മുനിസിപ്പാലിറ്റികളിലെ ട്രാൻസിറ്റ് സംവിധാനങ്ങൾക്കും ബാധകമാണ്. കൂടാതെ, ദിവസേനയോ മാസത്തിലോ ഒരു നിശ്ചിത പരിധിയിൽ കൂടുതൽ പണം നൽകേണ്ടതില്ലാത്ത ഫെയർ ക്യാപ് സംവിധാനം ട്രാൻസിറ്റ് യാത്രക്കാർക്ക് ലഭ്യമാവുകയും ചെയ്യും. എഡ്മിന്റനിൽ പ്രതിദിന പരിധി 10.50 ഡോളറാണ്. ട്രാൻസിറ്റ് സർവീസ് പ്ലാനിങ്ങിനായി ട്രിപ്പ് പാറ്റേണുകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാൻ, യാത്രക്കാർ യാത്ര അവസാനിക്കുമ്പോൾ ടാപ്പ് ഓഫ് ചെയ്യണമെന്ന് ETS ശുപാർശ ചെയ്യുന്നു.
