ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനി മാൻഹട്ടനിലെ ഗ്രേഷ്യ മാൻഷനിലേക്ക് താമസം മാറും. മംദാനിയുടെ മുൻഗാമികൾ താമസിച്ചിരുന്ന വസതിയാണിത്. ‘താങ്ങാനാവുന്ന വിലയിൽ വീട് ‘ എന്ന പ്രചാരണവുമായി വൻവിജയം സ്വന്തമാക്കിയ മംദാനി, എവിടെയായിരിക്കും തന്റെ വസതിയെന്ന് ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. കുടുംബത്തിന്റെ സുരക്ഷ കണക്കിലെടുത്തും ന്യൂയോർക്കുകാർ വോട്ട് ചെയ്ത ‘താങ്ങാനാവുന്ന വില’യിൽ ഭവനമെന്ന തന്റെ മുഖ്യലക്ഷ്യം നടപ്പാക്കുന്നതിലും തന്റെ എല്ലാ ശ്രദ്ധയും സമർപ്പിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മംദാനി പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ ക്വീൻസിലെ ബറോയിലെ അസ്റ്റോറിയയിലാണ് അദ്ദേഹം താമസിക്കുന്നത്. മധ്യവർഗ കുടുംബങ്ങൾ പൊതുവേ താമസിക്കുന്ന ഈ പ്രദേശം കുടിയേറ്റ സമൂഹങ്ങളുടെയും ആഗോള പാചകരീതിയുടെയും വൈവിധ്യത്തിന് പേരുകേട്ടതാണ്.

‘ആസ്റ്റോറിയയിൽ ഞാൻ ഇനി താമസിക്കില്ലെങ്കിലും ആ ഇടം എപ്പോഴും എന്റെ ഉള്ളിലും ഞാൻ ചെയ്യുന്ന ജോലിയിലും ഉണ്ടായിരിക്കുമെന്നും മംദാനി പറഞ്ഞു. 1799 ൽ പണിത ഗ്രേഷ്യ മാൻഷൻ, രണ്ടാം ലോക മഹായുദ്ധം മുതൽ മിക്ക ന്യൂയോർക്ക് സിറ്റി മേയർമാരുടെയും വസതിയായിരുന്നു. എല്ലാ മേയർമാരും ഗ്രേഷ്യ മാൻഷനിൽ താമസിച്ചിട്ടില്ല. കോടീശ്വരനായ സംരംഭകനും പ്രമുഖ മാധ്യമ കമ്പനിയുടെ സ്ഥാപകനുമായ മൈക്കൽ ബ്ലൂംബെർഗ്, 2012ൽ അവസാനിച്ച മൂന്ന് കാലാവധികളിൽ മാൻഹട്ടന്റെ അപ്പർ ഈസ്റ്റ് സൈഡിന്റെ സമീപത്തുള്ള സ്വന്തം ടൗൺ ഹൗസിലായിരുന്നു താമസിച്ചിരുന്നത്.
