ഓട്ടവ: കാനഡയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒരു വർഷത്തിനുള്ളിൽ ഒപ്പിടാൻ സാധിക്കുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് കുമാർ പട്നായിക്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ വരാനിരിക്കുന്ന ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രത്യാശ പ്രകടിപ്പിച്ചത്. 2010 മുതൽ ഇരുരാജ്യങ്ങളും വ്യാപാര ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പല കാരണങ്ങളാൽ അവ തടസ്സപ്പെട്ടിരുന്നു. എന്നാൽ മാറിയ ആഗോള സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കും പരസ്പര സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാസന്ദർശന വേളയിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ സർക്കാർ പ്രതിനിധികളുമായും ബിസിനസ് പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

2030-ഓടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 4 ലക്ഷം കോടി രൂപ ഉയർത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. കൃഷി, നിക്ഷേപം, ഡിജിറ്റൽ വ്യാപാരം തുടങ്ങിയ മേഖലകളിൽ ഈ കരാർ വലിയ മാറ്റങ്ങൾ കൊണ്ടുവരും. മുൻപ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, സാമ്പത്തിക-സാങ്കേതിക മേഖലകളിൽ സഹകരിച്ചു മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ തീരുമാനം. കരാറിലൂടെ കാനഡയ്ക്ക് ഇന്ത്യയെന്ന വലിയൊരു വിപണിയും, ഇന്ത്യയ്ക്ക് കാനഡയുടെ ഊർജ്ജ-സാങ്കേതിക വിദ്യകളും ലഭ്യമാകും.
