വാഷിങ്ടൺ: അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ‘ആർട്ടെമിസ്-2’ ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. വിക്ഷേപണ വാഹനമായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ‘വെറ്റ് ഡ്രസ് റിഹേഴ്സൽ’ വ്യാഴാഴ്ച രാത്രി വിജയകരമായി പൂർത്തിയാക്കി. ഇതോടെ മാർച്ച് 6-ന് തന്നെ വിക്ഷേപണം നടക്കാനുള്ള സാധ്യതകൾ തെളിഞ്ഞു.
ഈ മാസമാദ്യം നടന്ന ആദ്യ പരീക്ഷണത്തിനിടെ ലിക്വിഡ് ഹൈഡ്രജൻ ചോർച്ച കണ്ടെത്തിയത് വിക്ഷേപണം അനിശ്ചിതത്വത്തിലാക്കിയിരുന്നു. എന്നാൽ രണ്ട് സീലുകൾ മാറ്റിസ്ഥാപിച്ചതിന് ശേഷം നടന്ന രണ്ടാം പരീക്ഷണം ചോർച്ചകളില്ലാതെ 29-ാം സെക്കൻഡ് വരെ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വ്യക്തമാക്കി.

മാർച്ച് 6 മുതൽ ലഭ്യമായ അഞ്ച് ദിവസത്തെ വിക്ഷേപണ ജാലകം ഉപയോഗപ്പെടുത്താനാണ് നാസയുടെ നീക്കം. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ പൗരനുമടങ്ങുന്ന നാലംഗ സംഘം വെള്ളിയാഴ്ച രാത്രി മുതൽ രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കും. വിക്ഷേപണത്തിന് മുന്നോടിയായി ഫ്ലൈറ്റ് റെഡിനസ് റിവ്യൂ ഉൾപ്പെടെയുള്ള സാങ്കേതിക പരിശോധനകൾ വരും ദിവസങ്ങളിൽ പൂർത്തിയാക്കും. 1972-ലെ അപ്പോളോ 17-ന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്.
