ടൊറന്റോ: അഡോൾഫ് ഹിറ്റ്‌ലർ ഒപ്പിട്ട ‘മെയിൻ കാംഫ്’ (Mein Kampf) എന്ന പുസ്തകത്തിന്റെ പകർപ്പ് കൈവശം വെച്ചുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് നയാഗ്ര റീജിനൽ മുനിസിപ്പാലിറ്റി ചെയർമാൻ ബോബ് ഗെയ്ൽ രാജിവെച്ചു. 2010-ൽ നടന്ന ലേലത്തിലൂടെയാണ് അദ്ദേഹം ഈ പുസ്തകം വാങ്ങിയതെന്നും 2018-ൽ ഇതിലെ ഒപ്പ് ആധികാരികമാണെന്ന് സാക്ഷ്യപ്പെടുത്തിയതായും നയാഗ്ര റീജിയൻ ആന്റി-റേസിസം അസോസിയേഷൻ (NRARA) വെളിപ്പെടുത്തി. സംഭവത്തിൽ ബോബ് ഗെയ്ൽ പരസ്യമായി വിശദീകരണം നൽകണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് എൻ.ആർ.എ.ആർ.എയും ജസ്റ്റിസ് 4 ബ്ലാക്ക് ലൈവ്സ് നയാഗ്രയും (J4BL) രംഗത്തെത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ യഹൂദ വിരുദ്ധ വിദ്വേഷ രേഖകളിലൊന്ന് ലേലത്തിൽ വാങ്ങി സൂക്ഷിക്കുന്നത് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് എൻ.ആർ.എ.ആർ.എ പ്രതിനിധി സ്വാലിഹ് വസീറുദ്ദീൻ പറഞ്ഞു.

അതേസമയം, മുൻസിപ്പൽ അഫയേഴ്‌സ് മന്ത്രി റോബ് ഫ്ലാക്കിന് അയച്ച കത്തിൽ ഗെയ്ൽ ആരോപണങ്ങളെ നേരിട്ട് അഭിമുഖീകരിക്കാനോ മാപ്പ് പറയാനോ തയ്യാറായില്ല. താൻ ഒരു ചരിത്ര പ്രേമിയാണെന്നും ജോൺ ബ്രൗൺ, ജോർജ്ജ് വാഷിംഗ്ടൺ, വിൻസ്റ്റൺ ചർച്ചിൽ എന്നിവരുടെ കത്തുകളും വത്തിക്കാൻ ആർക്കൈവുകളും ഉൾപ്പെടെയുള്ള വിപുലമായ ചരിത്ര ശേഖരം തന്റെ പക്കലുണ്ടെന്നും അദ്ദേഹം കത്തിൽ അവകാശപ്പെട്ടു.
മുതിർന്ന രാഷ്ട്രീയ നേതാവ് ജിം ബ്രാഡ്‌ലിയുടെ വിയോഗത്തെത്തുടർന്ന് 2025 ഡിസംബർ 18-നാണ് ഗെയ്ൽ ചെയർമാൻ സ്ഥാനത്തേക്ക് നിയമിതനായത്. നയാഗ്ര റീജിയനിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തന്റെ ശ്രമങ്ങളെ ഒരു വിഭാഗം തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും തന്റെയും കുടുംബത്തിന്റെയും പ്രതിച്ഛായ തകർക്കാൻ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഫോർഡ് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
