Sunday, May 24, 2026

‘ഇറാനുമായുള്ള സമാധാനകരാര്‍ അന്തിമഘട്ടത്തില്‍’: ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാനകരാര്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ധാരണാപത്രത്തിലുണ്ട്. കരാറിന്റെ അവസാനവട്ട വിശദാംശങ്ങള്‍ ഇരുപക്ഷവും ചര്‍ച്ച ചെയ്യുകയാണെന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാന കരാറിലെ വിവരങ്ങള്‍ സൗദി അറേബ്യ, ഖത്തര്‍, ജോര്‍ദാന്‍, യു.എ.ഇ, പാക്കിസ്ഥാന്‍, തുര്‍ക്കി, ബഹ്റൈന്‍ തുടങ്ങിയ പ്രമുഖ രാജ്യങ്ങളുമായി ഇതിനകം സംസാരിച്ചു കഴിഞ്ഞതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഈ വിഷയത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംഭാഷണം തികച്ചും നല്ല രീതിയിലായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു.

എന്നാല്‍, സമാധാന കരാറുമായി ബന്ധപ്പെട്ട അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ പ്രസ്താവന പൂര്‍ണ്ണമായും തള്ളി ഇറാന്‍ രംഗത്തെത്തി. ട്രംപിന്റെ അവകാശവാദങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഏറെ അകലെയാണെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഫാര്‍സ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ട് യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ മടങ്ങിയാലും, ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണമായ നിയന്ത്രണം ഇറാന്റെ കൈവശം തന്നെയായിരിക്കുമെന്ന് അവര്‍ ദൃഢമായി വ്യക്തമാക്കി. ഈ ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സമയം, റൂട്ട്, അനുമതി എന്നിവ തങ്ങള്‍ തന്നെയാകും തുടര്‍ന്നും നിയന്ത്രിക്കുകയെന്നാണ് ഇറാന്റെ നിലപാട്.

ഹോര്‍മുസ് കടലിടുക്കിന്റെ പരമാധികാരത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍, ട്രംപ് മുന്നോട്ടുവെക്കുന്ന സമാധാന കരാറിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. ആഗോളതലത്തില്‍ ഇന്ധന വിതരണത്തെയും കപ്പല്‍ ഗതാഗതത്തെയും നേരിട്ട് ബാധിക്കുന്ന മേഖലയായതിനാല്‍ മിഡില്‍ ഈസ്റ്റിലെ ഈ പുതിയ സംഭവവികാസങ്ങളെ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!