തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തന്‍ യു. ഖേല്‍ക്കര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഞായറാഴ്ചയായിട്ടും ഇന്നുതന്നെ ചുമതലയേറ്റെടുത്തത്. അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതില്‍ വിമര്‍ശനം ഉയർന്നു.ബംഗാളിലേതിന് സമാനമാണ് നിയമനമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനും കോണ്‍ഗ്രസുമായി ഡീല്‍ സംശയിക്കുന്നതായും സിപിഎം ആരോപിച്ചു. ബംഗാളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗര്‍വാളിനെ ബിജെപി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇതിനെ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു.

ബംഗാളിലെ നിയമനത്തെ തള്ളിപ്പറഞ്ഞത് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസിന് ഇപ്പോള്‍ അതിനു സാധിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു. മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള തീരുമാനമാണിത്. ന്യായീകരിക്കാനോ എതിര്‍ക്കാനോ കഴിയാത്ത അവസ്ഥയില്‍ ആണ് കോണ്‍ഗ്രസ്. ഡീല്‍ അടക്കമുള്ള കാര്യങ്ങള്‍ വൈകാതെ അറിയാമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. നിയമനം അങ്ങേയറ്റം ദുരൂഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും പറഞ്ഞു.
