Sunday, May 24, 2026

യുക്രെയ്‌നിൽ രാത്രിമുഴുവൻ റഷ്യയുടെ ആക്രമണം; ഉപയോഗിച്ചത്‌ അതിശക്തമായ മിസൈൽ-ഡ്രോൺ

കീവ്: യുക്രെയ്‌ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. അതീവ മാരകശേഷിയുള്ള വിനാശ കാരിയായ ‘ഒരേഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ കീവിനെ ലക്ഷ്യമിട്ടതെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌ സ്ഥിരീ കരിച്ചു. നാല് വർഷമായി തുടരുന്ന യുദ്ധത്തിനിടയിൽ ഇത് മൂന്നാം തവണയാണ് റഷ്യ ഈ അത്യാധുനിക ആയുധം പ്രയോഗിക്കുന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട തായാണ് പ്രാഥമിക വിവരം. കീവ് മേഖലയിലെ ബില സെർക്വ നഗരത്തിലാണ് ഒരേഷ്നിക്ക് മിസൈൽ പതിച്ചത്. നഗരത്തിലെ ജനവാസ മേഖലകൾ, സ്കൂളുകൾ, സൂപ്പർമാർക്കറ്റുകൾ, വെയർഹൗസുകൾ എന്നിവയുൾപ്പെടെ നാൽപ്പതോളം കേന്ദ്രങ്ങളിൽ വലിയ നാശനഷ്ടം രേഖപ്പെടുത്തി.

കീവിലെ ഷെവ്ചെങ്കോ ജില്ലയിൽ അഞ്ച് നിലകളുള്ള ഒരു പാർപ്പിട സമുച്ചയത്തിന് തീപിടിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. അഭയകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഒരു സ്കൂൾ കെട്ടിടവും തകർന്നിട്ടുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അത്രയും ഭീകരമായ രാത്രിയായിരുന്നു ഇതെന്ന് കീവ് നിവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സ്ഫോടന തരംഗങ്ങളിൽ നിരവധി വീടുകളും ഫ്ലാറ്റുകളും പൂർണ്ണമായും തകർന്നു തരിപ്പണമായി. ഒരേഷ്നിക്ക് മിസൈലുകൾക്ക് ആണവമുനകളും സാധാരണ യുദ്ധമുനകളും ഒരേപോലെ വഹിക്കാൻ ശേഷിയുണ്ട്. ശബ്ദത്തേക്കാൾ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന ഇവയെ പ്രതിരോധിക്കാൻ നിലവിലുള്ള ഒരു വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കഴിയില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അവകാശപ്പെടുന്നു.

ഭൂഗർഭ ബങ്കറുകൾ വരെ തകർക്കാൻ ശേഷിയുള്ള ഈ മിസൈലുകൾ സാധാരണ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാൽ പോലും ആണവാക്രമണത്തിന് സമാനമായ നാശനഷ്ടം വരുത്താൻ പോന്നതാണ്. റഷ്യയുടെ ഭാഗത്തുനിന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണ് ഉണ്ടായതെന്ന് യുക്രെയ്‌ൻ എയർഫോഴ്സ് വ്യക്തമാക്കി. യുക്രെയ്‌ൻ വ്യോമസേന 549 ഡ്രോണുകളും 55 മിസൈലുകളും വെടിവെച്ചിടുകയോ ജാം ചെയ്യുകയോ ചെയ്തു. യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്ന് റഷ്യ ഒരേഷ്നിക്ക് മിസൈൽ പ്രയോഗിച്ചേക്കുമെന്ന് സെലൻസ്‌ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വരും മണിക്കൂറുകളിലും കൂടുതൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!