Tuesday, June 9, 2026

‘റാഫയാണ് എനിക്ക് എക്കാലത്തെയും മികച്ച താരം, വിമര്‍ശിച്ചതില്‍ ഖേദിക്കുന്നു’; വൈകാരിക കുറുപ്പുമായി ധനുഷ്

ചെന്നൈ: ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന് വൈകാരികമായ കുറിപ്പിലൂടെ ആദരമര്‍പ്പിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷ്. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ‘റാഫ’ എന്ന ഡോക്യുമെന്ററി കണ്ടതിന് പിന്നാലെയാണ് നദാലിന്റെ കരിയറിലെ കടുത്ത പോരാട്ടങ്ങളെയും അദ്ദേഹം നേരിട്ട ശാരീരിക-മാനസിക വെല്ലുവിളികളെയും കുറിച്ച് ധനുഷ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്. നദാലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന മുന്‍കാല അനുഭവങ്ങളില്‍ താരം പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

തന്റെ ജീവിതത്തിന്റെ പകുതിയിലധികം കാലം നദാലിന്റെ ടെന്നീസ് മത്സരങ്ങള്‍ കണ്ട് വളര്‍ന്ന ആളാണ് താനെന്ന് ധനുഷ് വ്യക്തമാക്കുന്നു. പലപ്പോഴും പ്രധാനപ്പെട്ട മത്സരങ്ങളില്‍ നദാല്‍ പോയിന്റുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ ടെലിവിഷന് മുന്നിലിരുന്ന് താന്‍ കടുത്ത ദേഷ്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, എന്നാല്‍ കളിക്കളത്തിന് പുറത്ത് അദ്ദേഹം അനുഭവിച്ചിരുന്ന ശാരീരികവും മാനസികവുമായ കഠിനമായ വേദനകള്‍ ഇപ്പോള്‍ മാത്രമാണ് തനിക്ക് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും താരം തന്റെ കുറിപ്പില്‍ ഓര്‍മ്മിക്കുന്നു.

‘ശാരീരിക വേദനകളും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളും ഉത്കണ്ഠയും ഉള്ളിലൊതുക്കിയാണ് നിങ്ങള്‍ കളി തുടര്‍ന്നതെന്ന് എനിക്കറിയില്ലായിരുന്നു. അതറിയാതെ, നിങ്ങള്‍ കോര്‍ട്ടില്‍ തോറ്റപ്പോഴൊക്കെ ടിവിക്ക് മുന്നിലിരുന്ന് ‘വാമോസ് റാഫ, നിനക്ക് ഇതിലും നന്നായി ചെയ്യാമായിരുന്നു, നീയെന്തിനാണ് കാര്യങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമാക്കുന്നത്’ എന്ന് ഞാന്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്. ആ നിമിഷങ്ങളെയോര്‍ത്ത് ഞാന്‍ ഇപ്പോള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു’- ധനുഷ് കുറിച്ചു. നദാലിന്റെ കളിയിലെ വീഴ്ചകളെ കേവലമൊരു ആരാധകന്റെ കണ്ണിലൂടെ മാത്രം കണ്ട് വിമര്‍ശിച്ചതിലുള്ള വിഷമമാണ് താരം പങ്കുവെച്ചത്.

കോര്‍ട്ടില്‍ കളത്തിലിറങ്ങുമ്പോള്‍ നദാല്‍ സ്ഥിരമായി ചെയ്യുന്ന ചില പ്രത്യേക ശീലങ്ങളെക്കുറിച്ചും ധനുഷ് തന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. കളിക്കളത്തില്‍ വാട്ടര്‍ ബോട്ടിലുകള്‍ കൃത്യമായ ക്രമത്തില്‍ വെക്കുന്നത്, ലൈനുകള്‍ കാലുകൊണ്ട് വൃത്തിയാക്കുന്നത്, മുടി ഒതുക്കുന്നത് എന്നിവ വെറും അന്ധവിശ്വാസങ്ങളല്ലെന്ന് ഡോക്യുമെന്ററി കണ്ടപ്പോള്‍ ബോധ്യമായതായി ധനുഷ് പറയുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തോടും ഉത്കണ്ഠയോടും തന്റെ സ്വന്തം ശരീരത്തോടും നദാല്‍ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായിരുന്നു ഈ ശീലങ്ങളെന്നും, കോര്‍ട്ടില്‍ മറ്റൊരു എതിരാളിയോട് ഏറ്റുമുട്ടുന്നതിന് മുന്‍പ് ഉള്ളിലെ ഭയത്തോടായിരുന്നു നദാലിന്റെ യുദ്ധമെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.

നിരന്തരമായ പരിക്കുകളോടും പാദത്തെ ബാധിച്ച കടുത്ത രോഗാവസ്ഥയോടും പോരാടിയാണ് നദാല്‍ തന്റെ കരിയറിലെ ചരിത്രനേട്ടങ്ങള്‍ പലതും സ്വന്തമാക്കിയത്. നൊവാക് ജോക്കോവിച്ചിനും റോജര്‍ ഫെഡറര്‍ക്കും അനുകൂലമായ റെക്കോര്‍ഡുകളും സ്ഥിതിവിവരക്കണക്കുകളും ഉണ്ടായേക്കാമെങ്കിലും, തനിക്ക് റാഫേല്‍ നദാല്‍ മാത്രമാണ് എക്കാലത്തെയും മികച്ച താരം (GOAT) എന്ന് ധനുഷ് ഉറപ്പിച്ചു പറയുന്നു. ‘എല്ലാ ആദരവോടും കൂടി പറയട്ടെ, കണക്കുകള്‍ ജോക്കോവിച്ചിന് അനുകൂലമായിരിക്കാം. ഫെഡററുടേതാണ് ഈ ഗെയിം എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകാം. എന്നാല്‍ എന്നെ സംബന്ധിച്ച്, ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയെപ്പോലെ റാഫേല്‍ നദാല്‍ മാത്രമാണ് എക്കാലത്തെയും മികച്ച താരം’- ധനുഷ് പോസ്റ്റ് അവസാനിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!