ടൊറന്റോ : ജൂൺ 11 മുതൽ ജൂലൈ 19 വരെ കാനഡയിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളോട് അനുബന്ധിച്ച് ടൊറന്റോ, വൻകൂവർ നഗരങ്ങളിൽ തപാൽ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാനഡ പോസ്റ്റ് . സ്റ്റേഡിയങ്ങൾക്കും ഫാൻ ഫെസ്റ്റിവലുകൾക്കും സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങളും കനത്ത തിരക്കും റോഡ് നിയന്ത്രണങ്ങളുമാണ് പ്രധാന കാരണങ്ങൾ.
ടൊറന്റോയിൽ M6K, M6J, M5V എന്നീ പോസ്റ്റൽ കോഡുകളിൽ തുടങ്ങുന്ന പ്രദേശങ്ങളിലെ താമസക്കാരെയാണ് ഈ താമസം പ്രധാനമായും ബാധിക്കുക.

തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി എനർകെയർ സെന്റർ, ക്വീൻ എലിസബത്ത് ബിൽഡിംഗ്, ലിൻ വില്യംസ് സ്ട്രീറ്റിലെ മെട്രോ സ്റ്റോർ പരിസരം, കൂടാതെ നയാഗ്ര സ്ട്രീറ്റ്, റിച്ചമണ്ട് സ്ട്രീറ്റ് വെസ്റ്റ്, ടെകംസെത് സ്ട്രീറ്റ്, കിംഗ് സ്ട്രീറ്റ് വെസ്റ്റ്, ഡഫറിൻ സ്ട്രീറ്റ്, ലിബർട്ടി സ്ട്രീറ്റ്, ജെഫേഴ്സൺ അവന്യൂ എന്നിവടങ്ങളിലെ വിവിധ കവലകളിൽ സ്ഥാപിച്ചിട്ടുള്ള സ്ട്രീറ്റ് ലെറ്റർ ബോക്സുകൾ ജൂലൈ 22 ബുധനാഴ്ച വരെ താൽക്കാലികമായി നീക്കം ചെയ്യും. ഈ പ്രദേശങ്ങളിലുള്ളവർക്ക് കത്തുകളും മറ്റും പോസ്റ്റ് ചെയ്യുന്നതിനായി 1093 Queen Street West-ൽ ഉള്ള പോസ്റ്റ് ഓഫീസ് സൗകര്യം ഉപയോഗിക്കാവുന്നതാണ്.
വിതരണം ചെയ്യാൻ കഴിയാത്ത തപാൽ ഉരുപ്പടികൾ സുരക്ഷിതമായി ഡിപ്പോകളിൽ സൂക്ഷിക്കുകയും അടുത്ത പ്രവർത്തിദിനത്തിൽ മുൻഗണനാടിസ്ഥാനത്തിൽ വിതരണം ചെയ്യുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു.
