Tuesday, June 9, 2026

വീണ്ടും ഇരുട്ടടി; സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലാക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന (PMUY) ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം നാലായി വെട്ടിച്ചുരുക്കി. നേരത്തെ ഇത് ഒന്‍പത് സിലിണ്ടറുകളായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഇന്ധനവില വര്‍ധിച്ചതും പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം ഉയര്‍ന്നതുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. 2016-ല്‍ ഉജ്ജ്വല യോജന പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് ഒന്‍പതായും ഇപ്പോള്‍ നാലായും കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കുകയായിരുന്നു.

ഗാര്‍ഹിക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സാധാരണക്കാര്‍ക്ക് പ്രഹരമായി ഈ തീരുമാനവും പുറത്തുവന്നിരിക്കുന്നത്. നിലവില്‍ 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടര്‍ വിതരണം ചെയ്യുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് 700 രൂപയോളം നഷ്ടം വരുന്നുണ്ടെന്നാണ് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമെ പെട്രോളിന് ലിറ്ററിന് 6 രൂപയും ഡീസലിന് 30 രൂപയും വീതം കമ്പനികള്‍ക്ക് ഇപ്പോഴും നഷ്ടം സംഭവിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികള്‍ക്കിടയിലും എണ്ണക്കമ്പനികളുടെ ഈ പ്രതിദിന നഷ്ടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നിയന്ത്രിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ 29 രൂപയുടെ വര്‍ധനവ് വരുത്തിയത്. മൂന്ന് മാസത്തിനിടയില്‍ രണ്ടാം തവണയാണ് ഗാര്‍ഹിക പാചകവാതകത്തിന് വില കൂട്ടുന്നത്. പുതിയ വിലവര്‍ധനവോടെ ഡല്‍ഹിയില്‍ സിലിണ്ടര്‍ വില 913 രൂപയില്‍ നിന്ന് 942 രൂപയായും, കൊല്‍ക്കത്തയില്‍ 939 രൂപയില്‍ നിന്ന് 968 രൂപയായും ഉയര്‍ന്നു. മുംബൈയില്‍ 912 രൂപയായിരുന്ന സിലിണ്ടറിന് ഇപ്പോള്‍ 941 രൂപയായി മാറിയിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്ത് സിലിണ്ടര്‍ വില 951 രൂപയിലെത്തി.

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ കാരണം രാജ്യാന്തര വിപണിയില്‍ എല്‍പിജി വില വന്‍തോതില്‍ ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇത്രയധികം വില കൂട്ടിയിട്ടും വിപണിയിലെ യഥാര്‍ത്ഥ ചെലവുമായി പൊരുത്തപ്പെടാന്‍ വല്ലാത്ത പ്രയാസമാണെന്നാണ് എണ്ണക്കമ്പനികള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയും കുത്തനെ കൂടിയതോടെ ഹോട്ടല്‍ ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്തുടനീളം വലിയ രീതിയില്‍ വര്‍ധിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!