ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിലെ കോൺഫെഡറേഷൻ പാലത്തിൽ നിന്ന് ചാടിയ ആൾക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസും സെർച്ച് ആൻഡ് റെസ്ക്യൂ ടീമും. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഇയാൾ ചാടിയതെന്ന് PEI RCMP അറിയിച്ചു. അതേസമയം, ചാടിയ ആളുടെ ഐഡൻ്റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ന്യൂബ്രൺസ്വിക്കിനെയും പ്രിൻസ് എഡ്വേഡ് ഐലൻഡിനെയും ബന്ധിപ്പിക്കുന്നതാണ് 12.9 കിലോമീറ്റർ നീളം വരുന്ന കോൺഫെഡറേഷൻ പാലം.
കോസ്റ്റ് ഗാർഡ് ജോയിൻ്റ് റെസ്‌ക്യൂ കോർഡിനേഷൻ സെൻ്റർ, പിഇഐ ഗ്രൗണ്ട് സെർച്ച് ആൻഡ് റെസ്‌ക്യൂ, ന്യൂ ലണ്ടൻ ഫയർ ഡിപ്പാർട്ട്‌മെൻ്റ്, ടൗൺ ഓഫ് ബോർഡൻ-കാൾട്ടൺ, ആർസിഎംപി ബോട്ടുകളും എയർ സർവീസുകളും എന്നിവയും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. തിരച്ചിലിനെ സഹായിക്കാൻ കഴിയുന്ന എന്തെങ്കിലും വിവരം ലഭിക്കുന്നവർ പ്രാദേശിക പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.