ഓട്ടവ : ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി പുതിയ നടപടിയുമായി കാനഡ. രാജ്യത്തെ ഇന്ത്യൻ വിദ്യാർത്ഥികൾ സ്റ്റഡി പെർമിറ്റ്, വീസ, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയ പ്രധാന രേഖകൾ വീണ്ടും സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). രണ്ട് വർഷം വരെ വീസ ഉള്ള വിദ്യാർത്ഥികൾക്ക് വരെ ഐആർസിസിയിൽ നിന്നും പ്രധാന വിദ്യാഭ്യാസ രേഖകൾ ഉൾപ്പെടെയുള്ളവ സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച ഇമെയിലുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യാന്തര വിദ്യാർത്ഥികളുടെ വരവ് നിയന്ത്രിക്കുന്നതിനായി കാനഡ ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കിയതിന് ശേഷമാണ് പുതിയ നടപടി. നിലവിൽ ഏകദേശം നാല് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ പഠിക്കുന്നുണ്ട്.
അതേസമയം, ഈ വിഷയത്തിൽ വ്യക്തമായ വിവരങ്ങൾ നൽകണമെന്നും അവരുടെ ആശങ്കകൾ പരിഹരിക്കണമെന്നും വിദ്യാർത്ഥികൾ ഐആർസിസി വകുപ്പിനോട് അഭ്യർത്ഥിക്കുന്നു. രാജ്യാന്തര വിദ്യാർത്ഥികളെ നിയന്ത്രിക്കാനുള്ള കാനഡയുടെ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ നീക്കമെന്ന് ടൊറൻ്റോയിലെ ഇമിഗ്രേഷൻ കൺസൾട്ടൻ്റായ മെഹ്ബൂബ് രാജ്വാനി പറയുന്നു. പ്രധാന രേഖകൾ സമർപ്പിക്കാത്ത വിദ്യാർത്ഥികളുടെ വീസ റദ്ദാക്കിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഐആർസിസിയിൽ നിന്നും ഹാജർ, മാർക്ക്, പാർട്ട് ടൈം ജോലി തുടങ്ങിയവയുടെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി 2026 വരെ വീസയുള്ള ബ്രിട്ടിഷ് കൊളംബിയ സറേയിൽ പഠിക്കുന്ന ഹൈദരാബാദിൽ നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥി അവിനാഷ് കൗശിക്ക് പറയുന്നു. നിരവധി വിദ്യാർത്ഥികൾക്ക് പ്രധാന രേഖകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഇമെയിൽ ലഭിച്ചതായി റിപ്പോർട്ടുണ്ട്. ചില വിദ്യാർത്ഥികളോട് അവരുടെ രേഖകൾ പരിശോധിക്കാൻ ഐആർസിസി ഓഫീസുകൾ സന്ദർശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇത് പല വിദ്യാർത്ഥികളിലും ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.