ഡൽഹി : സ്വന്തം നേട്ടത്തിനായി ജവഹര്‍ലാല്‍ നെഹ്റു ഭരണഘടന അട്ടിമറിച്ചുവെന്നും ഇന്ദിരാഗാന്ധി അത് തുടര്‍ന്നുവെന്നും ലോക്സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയിന്മേല് നടന്ന ചര്‍ച്ചയിലായിരുന്നു മോദിയുടെ രൂക്ഷ വിമര്‍ശനം. രാഹുല്‍ഗാന്ധി അഹങ്കാരിയാണെന്നും മോദി പരോക്ഷമായി വിമര്‍ശിച്ചു.
“കോൺഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകർക്കാൻ ശ്രമിച്ചു. 1947 മുതൽ 1952 വരെ ഈ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലായിരുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് പോലും വിലങ്ങിട്ടു. അടിയന്തരാവസ്ഥ ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമാണ്. കസേര സംരക്ഷിക്കാനാണ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സർക്കാരിനെക്കാൾ പ്രധാനം പാർട്ടിയാണെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് സോണിയ ഗാന്ധി സൂപ്പർ പി എം കളിച്ചു. ഭരണഘടനയെ കോൺഗ്രസ് നോക്കുകുത്തിയാക്കി. ഭരണഘടന ശിൽപികളെ അപമാനിച്ചു. കടുത്ത സംവരണ വിരോധിയായിരുന്നു നെഹ്റു. മണ്ഡൽ കമ്മിഷനെ കോൺഗ്രസ് എതിർത്തിരുന്നു. വോട്ടുബാങ്കിനായി സംവരണം അട്ടിമറിച്ചു. ഒബിസി സംവരണം നടപ്പാക്കാതിരിക്കാൻ കോൺഗ്രസ് ശ്രമിച്ചു” മോദി ആരോപിച്ചു.