Sunday, November 2, 2025

സുഡാനിലെ ആശുപത്രിയില്‍ കൂട്ടക്കൊല: 460 മരണം

ജനീവ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍, റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് (ആര്‍എസ്എഫ്) എല്‍ ഫാഷര്‍ നഗരം പിടിച്ചെടുത്തതിനു പിന്നാലെ വ്യാപകമായ കൂട്ടക്കൊലകള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ട്. നഗരത്തിലെ സൗദി ഹോസ്പിറ്റലില്‍ മാത്രം 460 പേര്‍ കൂട്ടക്കൊലയ്ക്ക് ഇരയായതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കിയ ആസൂത്രിത ആക്രമണമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

സുഡാന്‍ സൈന്യവുമായി ഒരു വര്‍ഷത്തിലേറെയായി ഏറ്റുമുട്ടല്‍ തുടരുന്ന അര്‍ധസൈനിക വിഭാഗമായ ആര്‍എസ്എഫ് , 18 മാസത്തോളം എല്‍ ഫാഷര്‍ നഗരം ഉപരോധിച്ച ശേഷമാണ് അടുത്തിടെ പിടിച്ചെടുത്തത്. നഗരം വിമതര്‍ പിടിച്ചതിനു പിന്നാലെ വീടുകളിലും ആശുപത്രികളിലും ആക്രമണം നടന്നു.

ആര്‍എസ്എഫ് സൈനികര്‍ ആദ്യം ഡോക്ടര്‍മാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി. പിന്നീട് തിരിച്ചെത്തി ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്കു നേരെ വെടിവെയ്പ് നടത്തുകയായിരുന്നു. മൂന്നാം തവണയും എത്തി അവശേഷിച്ചവരെ വകവരുത്തി. രോഗികള്‍ കിടക്കകളിലും നിലത്തും മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ നിരവധി പേര്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

വംശീയ ന്യൂനപക്ഷ വിഭാഗങ്ങളെയും ആര്‍എസ്എഫിനെ എതിര്‍ക്കുന്നവരെയുമാണ് തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. എല്‍ ഫാഷര്‍ മേഖലയില്‍ ‘ഫര്‍’, ‘സഗാവ’, ‘ബെര്‍ത്തി’ തുടങ്ങിയ അറബ് വംശീയരല്ലാത്ത സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള വംശീയ ഉന്മൂലന ശ്രമങ്ങളാണ് നടക്കുന്നതെന്ന് യേല്‍ സര്‍വകലാശാലയുടെ ഹ്യുമാനിറ്റേറിയന്‍ റിസര്‍ച്ച് ലാബ് അടക്കമുള്ളവര്‍ സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!