ഓട്ടവ: കാനഡയിലെ പ്രധാന നഗരങ്ങളിലെല്ലാം ക്രിസ്മസ് വിപണികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ട്. വിന്റർ മാർക്കറ്റുകൾ ഒക്ടോബറിൽ തന്നെ ആരംഭിച്ചതിനാൽ വിപണി ‘അതിസമ്പന്നമായ’ (Oversaturated) അവസ്ഥയിലാണെന്നാണ് വിൽപ്പനക്കാരുടെയും സംഘാടകരുടെയും പൊതുവെയുള്ള വിലയിരുത്തൽ. എട്ട് വർഷമായി വിപണികളിൽ സജീവമായ ബെവർലി ഗ്ലോവർ പോലുള്ള വ്യാപാരികൾ, “മാർക്കറ്റുകൾ ഒരുപാട് കൂടിയതാണ്” തങ്ങളുടെ വിൽപ്പന കുറയാനുള്ള പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. രാജ്യമെമ്പാടുമുള്ള കമ്മ്യൂണിറ്റി സെന്ററുകളിലും മറ്റ് വേദികളിലുമായി നിരവധി ക്രാഫ്റ്റ് ഫെയറുകളും മാർക്കറ്റുകളും ഇപ്പോൾ ലഭ്യമാണ്.

ക്രിസ്മസ് മാർക്കറ്റുകളുടെ വർധനവ്, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ നേരത്തേ ഹോളിഡേ വിൽപ്പന ആരംഭിച്ച് കൂടുതൽ പണം നേടുന്നതിന് സമാനമായ തന്ത്രമാണെന്ന് റീട്ടെയിൽ അനലിസ്റ്റ് ബ്രൂസ് വിൻഡർ അഭിപ്രായപ്പെടുന്നു. എന്നാൽ, ഇത് ഉപഭോക്താക്കളിൽ മടുപ്പുളവാക്കാൻ സാധ്യതയുണ്ട്. “ചിലർക്ക് ഇത് വളരെ നേരത്തെ ആയതുകൊണ്ടും മറ്റു ചിലർക്ക് എവിടെയും ഇതേ കാഴ്ചയായതുകൊണ്ടും ഉപഭോക്താവ് വിമുഖത കാണിച്ചേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന തൊഴിലില്ലായ്മയും സാമ്പത്തികപരമായ ആശങ്കകളും കാരണം കനേഡിയൻ ഉപഭോക്താക്കൾ ഈ വർഷം പണം ചെലവഴിക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളാണെന്നതും വിപണിക്ക് വെല്ലുവിളിയാണ്. അതേസമയം, ചില സംഘാടകർ, വിപണികളുടെ വർധനവ് പ്രാദേശിക സാധനങ്ങൾ വാങ്ങാൻ ആളുകൾക്ക് കൂടുതൽ താൽപ്പര്യമുണ്ട് എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും വാദിക്കുന്നു.

അനേകം ഓപ്ഷനുകൾ ഉള്ളതിനാൽ, കൃത്യമായ മാർക്കറ്റ് തിരഞ്ഞെടുക്കുന്നത് ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാർക്കറ്റുകളിൽ പ്രവേശന ഫീസ് ഈടാക്കുന്നത് അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നു. കുട്ടികൾക്കുള്ള വിനോദ പരിപാടികൾ, സാന്റാ ക്ലോസ് എന്നിവയുള്ള മാർക്കറ്റുകൾ കണ്ടെത്താൻ അവർക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ, സൗജന്യ പാർക്കിങ് , വിൽപ്പനക്കാർ, പ്രത്യേക പ്രവർത്തനങ്ങൾ എന്നിങ്ങനെ ഓരോ മാർക്കറ്റും അവരവരുടെ പ്രത്യേകതകൾ ഹൈലൈറ്റ് ചെയ്യേണ്ടത് പ്രധാനമാണെന്ന് ഇവന്റ് ഓർഗനൈസർ ആയ ചാർലീൻ ഡെലിസ്‌ലെ പറയുന്നു. ഓരോ വർഷവും “പുതുമയും” സീസണിന് അനുയോജ്യമായ പുതിയ രൂപകൽപ്പനകളും വിപണികളിൽ ഇല്ലെങ്കിൽ ഉപഭോക്താക്കൾ കച്ചവടം നിർത്തുമെന്നും ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
