സാൻ ആന്റണിയോ (ടെക്സസ്): പന്ത്രണ്ടുവയസുള്ള കുട്ടിയെ ഏകദേശം 30 കിലോമീറ്റർ ദൂരമുള്ള സ്കൂളിലേക്ക് തനിയെ പറഞ്ഞയച്ച അമ്മ അറസ്റ്റിൽ. 35-കാരിയായ അമ്മ ലൂസിയ ക്രൂസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറിയതിനാണ് ഇവർക്കെതിരെ ക്രിമിനൽ കേസ് എടുത്തത്. കഴിഞ്ഞ രാത്രി കാമുകനുമായി വഴക്കിട്ട ലൂസിയ ക്രൂസ് അമിതമായി മദ്യപിച്ച് ബോധരഹിതയായി. രാവിലെ കുട്ടി ഉണർത്തിയപ്പോൾ, സ്കൂളിൽ കൊണ്ടുവിടുന്നതിന് പകരം തനിയെ നടന്നുപോകാൻ ലൂസിയ ആവശ്യപ്പെടുകയായിരുന്നു. കയ്യിൽ ഫോണോ മറ്റ് ആശയവിനിമയ മാർഗ്ഗങ്ങളോ ഇല്ലാതെയാണ് കുട്ടി യാത്ര തുടങ്ങിയത്. കാടും കള്ളിച്ചെടികളും നിറഞ്ഞ വഴിയോരത്തുകൂടി വാഹനങ്ങൾക്കിടയിലൂടെ നടക്കുകയായിരുന്ന കുട്ടിയെ ഒരു യാത്രക്കാരനാണ് കണ്ടെത്തിയത്.

അപ്പോഴേക്കും കുട്ടി രണ്ടു കിലോമീറ്ററോളം നടന്നിരുന്നു. തിരക്കേറിയ റോഡിലെ ട്രാഫിക്കിന് തൊട്ടടുത്തുകൂടി കുട്ടി നടക്കുന്നത് കണ്ട യാത്രക്കാരൻ ഉടൻ തന്നെ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ കുട്ടി തനിയെയാണ് സ്കൂളിലേക്ക് പോയതെന്ന കാര്യം തനിക്കറിയാമായിരുന്നുവെന്ന് ഇവർ സമ്മതിച്ചു. കുട്ടിയുടെ പിതാവിന് നിയമപരമായ സംരക്ഷണാവകാശം ഉണ്ടെങ്കിലും ആ സമയത്ത് കുട്ടി ലൂസിയയുടെ കൂടെയായിരുന്നു. നിലവിൽ ലൂസിയ ക്രൂസിനെതിരെ ‘ഫെലണി’ (Felony) കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 15,000 ഡോളർ ബോണ്ടിൽ ഇവരെ പിന്നീട് വിട്ടയച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി ബെക്സാർ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
