നോവസ്കോഷ: ഹാലിഫാക്സില്‍ കാണാതായ നവജാത ശിശുവിനായി പോലീസ് തിരച്ചില്‍ തുടരുന്നു. ഗുരുതരാവസ്ഥയില്‍ ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച രാത്രി 9:40 ഓടെയാണ് പ്രസവിച്ച ലക്ഷണങ്ങളോടെ, ഗുരുതരാവസ്ഥയിലുളള ഒരു യുവതി ആശുപത്രിയില്‍ എത്തിയ വിവരം പോലീസിന് ലഭിക്കുന്നത്. എന്നാല്‍ യുവതിക്കൊപ്പം കുഞ്ഞ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ഇവര്‍ക്കെതിരെ ഇതുവരെ ഔദ്യോഗികമായി കുറ്റപത്രമൊന്നും സമര്‍പ്പിച്ചിട്ടില്ല.
ശനിയാഴ്ച വൈകുന്നേരത്തോടെ ഹാലിഫാക്സ് റീജണല്‍ പോലീസും ഗ്രൗണ്ട് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ടീമും ചേര്‍ന്ന് നഗരത്തിലെ 214 വില്ലെറ്റ് സ്ട്രീറ്റിലുള്ള അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ പരിസരത്ത് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഈ ഭാഗത്തേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുതെന്ന് പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ അപ്പാര്‍ട്ട്മെന്റിന് പുറത്തുള്ള വലിയ മാലിന്യ നിക്ഷേപ ബീപ്പുകള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തുന്നുണ്ട്. ഹാലിഫാക്സ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ വിഭാഗത്തില്‍ നിന്നുള്ള അമ്പത്തഞ്ചോളം സന്നദ്ധ പ്രവര്‍ത്തകരാണ് നിലവില്‍ തിരച്ചിലില്‍ പങ്കാളികളാകുന്നത്.

ഇതിന് പുറമെ കുട്ടിയെ വേഗത്തില്‍ കണ്ടെത്തുന്നതിനായി കോള്‍ചെസ്റ്റര്‍ ഗ്രൗണ്ട് സെര്‍ച്ച് വിഭാഗത്തില്‍ നിന്നുള്ള പ്രത്യേക കെ-9 നായപ്പടയെയും രംഗത്തിറക്കിയിട്ടുണ്ട്. വില്ലെറ്റ് സ്ട്രീറ്റിലെ തിരച്ചിലിന് ശേഷം സമീപത്തെ വനപ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ വീട്ടുപറമ്പുകളിലോ പരിസരങ്ങളിലോ സംശയകരമായ രീതിയില്‍ എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ തന്നെ വിവരം അറിയിക്കണമെന്ന് ഹാലിഫാക്സ് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ 902-490-5020 എന്ന നമ്പറില്‍ പോലീസിനെ നേരിട്ട് ബന്ധപ്പെടണമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
