Sunday, May 24, 2026

ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയ്ക്ക് നഷ്ടമായത് 42 യുദ്ധവിമാനങ്ങള്‍: കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇറാനെതിരെ അമേരിക്ക നടത്തിയ 40 ദിവസം നീണ്ടുനിന്ന ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ സൈനിക നീക്കത്തില്‍ യുഎസിന് വന്‍ വ്യോമാക്രമണ നഷ്ടം സംഭവിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട്. യുദ്ധത്തില്‍ അമേരിക്കയുടെ 42 യുദ്ധവിമാനങ്ങള്‍ തകരുകയോ മാരകമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ ഭാഗമായ കോണ്‍ഗ്രസ് റിസേര്‍ച്ച് സര്‍വീസ് (CRS) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച ഈ സൈനിക നീക്കത്തെക്കുറിച്ച് ലഭ്യമായതില്‍ വെച്ച് ഏറ്റവും കൃത്യമായ വിവരങ്ങളാണിത്. ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എന്നിവയുടെ വാര്‍ത്താക്കുറിപ്പുകള്‍ വിശകലനം ചെയ്താണ് സി.ആര്‍.എസ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മാര്‍ച്ച് 1, 2 തീയതികളില്‍ കുവൈത്ത് വ്യോമസേനയുടെ എഫ്/എ-18 ഹോര്‍നെറ്റ് വിമാനം അബദ്ധത്തില്‍ അമേരിക്കയുടെ മൂന്ന് എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതാണ് യുഎസിന് ആദ്യ തിരിച്ചടിയായത്. ഏപ്രില്‍ 3-ന് ഇറാനില്‍ വെച്ച് മറ്റൊരു എഫ്-15ഇ വിമാനവും വെടിവച്ചു വീഴ്ത്തപ്പെട്ടു. എന്നാല്‍ ഈ രണ്ട് സംഭവങ്ങളിലും പൈലറ്റുമാരെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ സാധിച്ചു. അതേസമയം, മാര്‍ച്ച് 12-ന് പടിഞ്ഞാറന്‍ ഇറാഖില്‍ വെച്ച് ഇന്ധനം നിറയ്ക്കുന്നതിനിടെ കെ.സി-135 സ്രാറ്റോടാങ്കര്‍ വിമാനം തകര്‍ന്നു വീണ് ആറ് വ്യോമസേനാ അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഈ സൈനിക നീക്കത്തില്‍ അമേരിക്കയ്ക്ക് സംഭവിച്ച ഏക ആള്‍നാശവും ഇതാണ്.

മാര്‍ച്ച് 14-ന് സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങളില്‍ നിലത്തുണ്ടായിരുന്ന അഞ്ച് കെ.സി-135 വിമാനങ്ങള്‍ക്കും, മാര്‍ച്ച് 27-ലെ ആക്രമണത്തില്‍ ഒരു ഇ-3 സെന്‍ട്രി വിമാനത്തിനും വലിയ കേടുപാടുകള്‍ സംഭവിച്ചു. ഇതുകൂടാതെ ആധുനിക യുദ്ധവിമാനങ്ങളായ എഫ്-35എ ലൈറ്റ്‌നിങ് II, എ-10 തണ്ടര്‍ബോള്‍ട്ട് II എന്നിവയ്ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ സാങ്കേതിക തകരാര്‍ മൂലം വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് രണ്ട് എം.സി-130ജെ വിമാനങ്ങള്‍ ശത്രുക്കളുടെ കയ്യില്‍പ്പെടാതിരിക്കാന്‍ അമേരിക്കന്‍ സേന തന്നെ ബോംബുവെച്ച് തകര്‍ക്കുകയായിരുന്നു.

ആകെ നഷ്ടപ്പെട്ട 42 വിമാനങ്ങളില്‍ 25 എണ്ണവും ആളില്ലാ ഡ്രോണുകളാണെന്നത് ശ്രദ്ധേയമാണ്. ഇതില്‍ 24 എണ്ണം എം.ക്യു-9 റീപ്പര്‍ ഡ്രോണുകളും ഒരെണ്ണം എം.ക്യു-4സി ട്രൈറ്റണ്‍ ഡ്രോണുമാണ്. ഇത്രയധികം നഷ്ടങ്ങള്‍ ഉണ്ടായിട്ടും, ഈ യുദ്ധത്തില്‍ അമേരിക്കയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് എം.ക്യു-9 ഡ്രോണുകളാണെന്ന് യുഎസ് വ്യോമസേനാ മേധാവി ജനറല്‍ കെന്നത്ത് വില്‍സ്ബാക്ക് അഭിപ്രായപ്പെട്ടു. എന്നാല്‍, തകര്‍ന്ന ഉപകരണങ്ങള്‍ക്ക് പകരം പുതിയവ വാങ്ങുന്നതും അറ്റകുറ്റപ്പണികളും കാരണം ഇറാനിലെ സൈനിക ഇടപെടലുകളുടെ ആകെ ചെലവ് 25 ബില്യണ്‍ ഡോളറില്‍ നിന്നും 29 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി പെന്റഗണ്‍ അറിയിച്ചു.

അതേസമയം, പുറത്തുവന്ന റിപ്പോര്‍ട്ടിലെ കണക്കുകളില്‍ ചില കുറവുകള്‍ ഉള്ളതായി പ്രതിരോധ മേഖലയിലെ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇ-3 വിമാനത്തിന് കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചതെന്നാണ് സി.ആര്‍.എസ് റിപ്പോര്‍ട്ടിലുള്ളതെങ്കിലും അത് പൂര്‍ണമായി കത്തിനശിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ, ഇറാനില്‍ വെച്ച് തകര്‍ന്ന സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഹെലികോപ്റ്ററുകളുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി ചില വിവരങ്ങള്‍ മൂടിവെച്ചതാകാം ഈ റിപ്പോര്‍ട്ടിലെ അപൂര്‍ണ്ണതയ്ക്ക് കാരണമെന്നാണ് പ്രതിരോധ വിദഗ്ധരുടെ നിഗമനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!