Sunday, May 24, 2026

സ്വയം യേശുവെന്ന് വിശേഷിപ്പിച്ചു,വെടിയുതിര്‍ത്തത് ഇരുപത്തിയൊന്നുകാരന്‍; വൈറ്റ് ഹൗസ് അക്രമിയുടെ വിവരങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: യുഎസിലെ വൈറ്റ് ഹൗസിന് പുറത്തുള്ള അതീവ സുരക്ഷാ പോസ്റ്റിന് നേരെ വെടിയുതിര്‍ത്ത തോക്കുധാരിയെ അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞു. ഇരുപത്തിയൊന്നുകാരനായ നാസിര്‍ ബെസ്റ്റ് എന്ന യുവാവാണ് അക്രമം നടത്തിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ പൂര്‍ണ്ണമായി വ്യക്തമായിട്ടില്ലെങ്കിലും, ഇയാള്‍ കടുത്ത മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്നതായും താന്‍ യേശുക്രിസ്തുവിന്റെ പുനര്‍ജന്മമാണെന്ന് വിശ്വസിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

വൈറ്റ് ഹൗസിന്റെ പ്രവേശന കവാടങ്ങള്‍ക്ക് സമീപം മുന്‍പും പലതവണ സംശയാസ്പദമായ സാഹചര്യത്തില്‍ കറങ്ങിനടന്നിരുന്ന ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടുള്ളതായാണ് വിവരം. വൈറ്റ് ഹൗസ് പരിസരത്ത് പ്രവേശിക്കരുതെന്ന് കോടതി ഇയാള്‍ക്കെതിരെ നേരത്തെ ശക്തമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, ഇത്തവണ ഇയാള്‍ ആ ഉത്തരവ് ലംഘിച്ച് മുന്നോട്ട് പോവുകയായിരുന്നു. വൈറ്റ് ഹൗസിന് സമീപമുള്ള 17-ാം സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റില്‍ സംശയാസ്പദമായ രീതിയില്‍ പെരുമാറിയ ബെസ്റ്റിനെ രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി നിരീക്ഷിച്ചുവരികയായിരുന്നു.

എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കൈയിലുണ്ടായിരുന്ന തോക്കെടുത്ത് ഇയാള്‍ പെട്ടെന്ന് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയുടെ അപ്രതീക്ഷിതമായ വെടിയേറ്റ് അവിടെയുണ്ടായിരുന്ന ഒരു വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. തൊട്ടുപിന്നാലെ അതീവ ജാഗ്രത പുലര്‍ത്തിയ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രത്യാക്രമണം നടത്തുകയും വെടിയേറ്റ അക്രമിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന മുറയ്ക്ക് ജനങ്ങളെ അറിയിക്കുമെന്നും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ഡയറക്ടര്‍ കാഷ് പട്ടേല്‍ വ്യക്തമാക്കി. എഫ്.ബി.ഐ സംഘം നിലവില്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കി വരികയാണെന്നും അദ്ദേഹം എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാര കേന്ദ്രത്തിന് നേരെ ഉണ്ടായ ഈ വെടിവെയ്പ്പിനെ അതീവ ഗൗരവത്തോടെയാണ് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ വീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!