ഡൽഹി: സിബിഎസ്ഇ പ്ലസ്ടു പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങളിൽ ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സിബിഎസ്ഇയിൽനിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. വെബ്സൈറ്റിന്റെ ഏജൻസിയെക്കുറിച്ചും വിവരങ്ങൾ തേടി. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഉടനെ നടപടി ഉണ്ടായേക്കും. സിബിഎസ്ഇ പ്ലസ്ടു പുനർ മൂല്യനിർണയത്തിന് മുന്നോടിയായി ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത പകർപ്പ് എടുക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നതിനിടെയാണ് വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നം നേരിട്ടത്.

ഒരു വിഷയത്തിനുള്ള ഉത്തരക്കടലാസ് പകർപ്പ് എടുക്കാൻ 100 രൂപയായിരിക്കെ, ചില വിദ്യാർത്ഥികൾക്ക് 69,420 രൂപ വരെ ഓൺലൈനിൽ ചോദിച്ചതായും പരാതി. ശരിയായ ഉത്തരം എഴുതിയിട്ടും മൂല്യനിർണയത്തിൽ പൂജ്യം മാർക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസിന്റെ ചിത്രങ്ങളും വിദ്യാർത്ഥികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഫീസ് അടച്ചിട്ടും നിരവധി വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പ് ലഭിച്ചിട്ടില്ല. ഡൗൺലോഡ് ചെയ്ത പിഡിഎഫിലും പിഴവുകളുണ്ടായതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു.
വെബ്സൈറ്റിലെ പ്രശ്നങ്ങൾ പരിഹരിച്ച് രണ്ട് ദിവസത്തിനുള്ളിൽ എല്ലാവർക്കും പകർപ്പ് ലഭ്യമാക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ മേയ് 26 മുതൽ 29 വരെ സ്വീകരിക്കുമെന്നും സിബിഎസ്ഇ.
