ഡൽഹി: എബോള രോഗബാധ വ്യാപകമായ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടന എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.
രോഗബാധിത രാജ്യങ്ങളായ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് നിർദേശം. ഈ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ കർശനമായി ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തുടർന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ശരീരദ്രവങ്ങളിലൂടെ രോഗം പകരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. രോഗബാധയ്ക്ക് ശേഷം 2 മുതൽ 21 ദിവസം വരെയാണ് ഇൻക്യൂബേഷൻ കാലയളവ്. പനി, തൊണ്ടവേദന, തലവേദന എന്നിവ ഉൾപ്പെടെയുള്ള ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിലുണ്ടാവുക. രോഗത്തിന്റെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണ്. ത്രി-ലെയർ മാസ്ക് ഉപയോഗം, സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകൽ ഉൾപ്പെടെയുള്ള വ്യക്തിഗത സുരക്ഷാ നടപടികൾ കർശനമായി പാലിക്കാനും നിർദേശം നൽകി.
