ഓട്ടവ: ഇന്ത്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള ഉന്നതതല വ്യാപാര പ്രതിനിധിസംഘം കാനഡ സന്ദർശിക്കും. മേയ് 25 മുതൽ 27 വരെ നടക്കുന്ന സന്ദർശനത്തിന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ നേതൃത്വം നൽകും. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു വിദേശ രാജ്യത്തേക്ക് അയക്കുന്ന ഏറ്റവും വലിയ ബിസിനസ് പ്രതിനിധിസംഘമാണിത്. ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യ, നിർമ്മാണം, നിക്ഷേപം, ഇന്നൊവേഷൻ എന്നീ മേഖലകളിൽ നിന്നുള്ള നൂറിലധികം പ്രമുഖ ബിസിനസ്സ് നേതാക്കളും വ്യവസായികളും ഈ സംഘത്തിലുണ്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) യാഥാർത്ഥ്യമാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നിലവിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 10 ബില്യൺ ഡോളറാണ്. എന്നാൽ വരും വർഷങ്ങളിൽ ഇത് 50 ബില്യൺ ഡോളറായി ഉയർത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. അമേരിക്ക, ചൈന തുടങ്ങിയ പരമ്പരാഗത വ്യാപാര പങ്കാളികളെ മാത്രം ആശ്രയിക്കാതെ വിപണി വൈവിധ്യവത്കരിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതാണ് ഈ പുതിയ നീക്കത്തിന് പിന്നിൽ. കാനഡയുടെ പക്കലുള്ള വിലയേറിയ ധാതുക്കളും വലിയ സാമ്പത്തിക നിക്ഷേപ ശേഷിയും, ഇന്ത്യയുടെ 140 കോടി വരുന്ന വൻ ഉപഭോക്തൃ വിപണിയും ഒത്തുചേരുമ്പോൾ ഇരുരാജ്യങ്ങളിലെയും ബിസിനസുകൾക്ക് അത് വലിയ അവസരങ്ങളാണ് തുറന്നുനൽകുന്നതെന്ന് ഇൻഡോ-കാനഡ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് പ്രശാന്ത് ശ്രീവാസ്തവ വ്യക്തമാക്കി.

2023-ൽ സിഖ് പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ സ്ഥിതിഗതികൾ മാറിത്തുടങ്ങി. 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിച്ച വേളയിൽ 1.9 ബില്യൺ ഡോളറിന്റെ യുറേനിയം വിതരണ കരാർ ഉൾപ്പെടെ 5.5 ബില്യൺ ഡോളറിന്റെ വിവിധ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഊർജ്ജം, ധാതുക്കൾ, ക്ളീൻ എനർജി, യുറേനിയം ഇറക്കുമതി, ക്രിട്ടിക്കൽ മിനറൽസ് നിക്ഷേപം, കാനഡയിലെ വൻകിട പെൻഷൻ ഫണ്ടുകൾ ഇന്ത്യയിൽ നിക്ഷേപിക്കുക, ഐടി & എഐ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതിക വിദ്യ കൈമാറ്റം, പരമ്പരാഗത ഉൽപ്പന്നങ്ങൾ, ഇന്ത്യൻ വസ്ത്രങ്ങൾ, ലെതർ ഉൽപ്പന്നങ്ങൾ എന്നിവയാണ് ഇരുരാജ്യങ്ങളും സഹകരണം ലക്ഷ്യമിടുന്ന മേഖലകൾ. കാനഡയിലെ ‘മാപ്പിൾ 8’ എന്നറിയപ്പെടുന്ന വൻകിട പെൻഷൻ ഫണ്ടുകളുടെ നിക്ഷേപം ഇന്ത്യയിലേക്ക് ആകർഷിക്കാനും ചൈനയ്ക്ക് മേലുള്ള സാമ്പത്തിക ആശ്രയത്വം കുറയ്ക്കാനും ഈ സന്ദർശനം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2000 നും 2024 മാർച്ചിനും ഇടയിൽ കനേഡിയൻ സ്ഥാപനങ്ങൾ ഇന്ത്യയിൽ 3.9 ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു.
