Sunday, May 24, 2026

മുഖ്യമന്ത്രിക്ക് കൊച്ചിയിൽ സ്വീകരണം; സർപ്രൈസ്‌ നൽകി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും

കൊച്ചി: കേരളത്തിന്റെയും തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർഥത്തിൽ മുഖ്യമന്ത്രിയാവുക അത്ര എളുപ്പമല്ലെന്ന് നടൻ മമ്മൂട്ടി. എല്ലാവരേയും കേൾക്കാനും എല്ലാവരുടേയും പ്രശ്നങ്ങൾ പരിഹരിക്കാനും നീതിപൂർവം കാര്യങ്ങൾ ചെയ്യാനുമുള്ള വലിയ ഉത്തരവാദിത്തമാണ് മുഖ്യന്ത്രി സതീശന് ലഭിച്ചിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ‍ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിക്കും ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എംഎൽഎമാർക്കും യുഡിഎഫ് ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ ചടങ്ങിലേക്ക് മമ്മൂട്ടിയും നടൻ കുഞ്ചാക്കോ ബോബനും സർപ്രൈസ്‌ അതിഥികളായി എത്തുകയായിരുന്നു. മുഖ്യമന്ത്രി സതീശന് വൈകിട്ട് 5 മണിക്ക് സ്വന്തം മണ്ഡലമായ പറവൂരിൽ നൽകുന്ന സ്വീകരണത്തിൽ നടൻ മോഹൻലാലും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം അതിന്റെ നീതിപൂർവമായ വിതരണം ഉറപ്പാക്കുമെന്നും സതീശൻ പറഞ്ഞു. ഖജനാവ് ജനങ്ങളുടേതാണ്. അത് നീതിപൂർവമായി വിതരണം ചെയ്യും. വികസനം എന്നാൽ വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതാണെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ അതല്ല വികസനം എന്ന് ഇന്ന് മനസിലായി. ആ നാട്ടിൽ ജീവിക്കുന്നവരുടെ ജീവിതനിലവാരത്തിൽ സാരമായ മാറ്റമുണ്ടാകുന്നതാണ് വികസനം. അതിനുള്ള പദ്ധതികൾ ജൂൺ 19ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാവും. കേരളത്തിന്റെ മതസൗഹാർദം എന്നും നിലനിറുത്തുമെന്നും ഇത് ഞങ്ങളുടെ മതേതര കേരളമാണ് എന്ന് ലോകത്തോട് വിളിച്ചു പറയാൻ കഴിയണമെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സ്വന്തം ജില്ലയിലേക്കുള്ള വി.ഡി.സതീശന്റെ ആദ്യ സന്ദർശനമായിരുന്നു ഇത്‌. ഇന്നു നടന്ന സ്വീകരണത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം.ജോൺ, വി.ഇ.അബ്ദുൽ ഗഫൂർ, എംഎൽഎമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.പി.സജീന്ദ്രൻ, ഉമ തോമസ്, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ദീപക് ജോയ്, മനോജ് മൂത്തേടൻ എന്നിവർക്കു പുറമെ ജില്ലക്കാരായ ആറന്മുള എംഎൽഎ അബിൻ വർക്കി, പാലക്കാട് എംഎൽഎ രമേഷ് പിഷാരടി എന്നിവർക്കും സ്വീകരണം നൽകി. വൈകിട്ട് 5നാണ് പറവൂരിലെ സ്വീകരണം. സമൂഹം ഹൈസ്കൂൾ അങ്കണത്തിലെ ചടങ്ങിൽ നടൻ മോഹൻലാൽ, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി തുടങ്ങിയവർ പങ്കെടുക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!