ഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിക്കുമെന്ന സൂചന നല്കി ഭാരത് പെട്രോളിയം. ആഗോളരംഗത്തെ ഊര്‍ജപ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വില വർധനവ് ഒഴിവാക്കാനാകില്ലെന്ന് ഭാരത് പെട്രോളിയം കോര്പ്പറേഷന് ഡയറക്ടര്‍ രാജ് കുമാര്‍ ദുബെ. ഈ മാസം മാത്രം പെട്രോൾ വില ലിറ്ററിന് 5.44 രൂപയും ഡീസൽ വില 5.34 രൂപയുമാണ് വർധിപ്പിച്ചത്. സിഎൻജിക്ക് മൂന്ന് തവണയായി 4 രൂപ കൂട്ടി. കേരളത്തിൽ ഡീസൽ വില 100 രൂപയും കടന്നു.

എണ്ണ വിപണന കമ്പനികൾ വൻ നഷ്ടം നേരിടുന്നുണ്ടന്നും ഈ നഷ്ടം നികത്താൻ പത്തുരൂപ വരെ ഇനിയും വർധിപ്പിക്കേണ്ടിവരുമെന്നുമാണ് വിലയിരുത്തൽ. ഈ പാദത്തിൽ എണ്ണ കമ്പനികളുടെ ആകെ നഷ്ടം 57,000 കോടി മുതൽ 58,000 കോടി രൂപ വരെയാകുമെന്ന് കണക്കാക്കപ്പെടുന്നു.കേന്ദ്ര സർക്കാർ ഇറക്കുമതി നികുതി കുറച്ചിട്ടും കമ്പനികൾ ഓരോ ലിറ്ററിലും 17-18 രൂപയുടെ നഷ്ടം നേരിടുന്നുണ്ട്.
ഇന്ത്യയിൽ ഇന്ധനവില തുടർച്ചയായി ഉയരുന്നത് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്ന സാഹചര്യത്തിൽ, കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് വില നിയന്ത്രണത്തിൽ നിർണായകം.
