ഓട്ടവ: കാനഡയുമായുള്ള വ്യാപാര തർക്കങ്ങളിൽ കടുത്ത നിലപാട് വീണ്ടും ഉയർത്തി അമേരിക്ക. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും ഓട്ടവയിലെ യു.എസ് അംബാസഡറുമായ പീറ്റ് ഹോക്സ്ട്ര, കാനഡയിലെ മാർക്ക് കാർണി സർക്കാരിന്റെ സാമ്പത്തിക നയങ്ങളോടുള്ള കടുത്ത അതൃപ്തി പരസ്യമാക്കിയാണ് അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. യു.എസ് ഏർപ്പെടുത്തിയ നികുതികളിൽ കാനഡക്കാർ പ്രകോപിതരാകുന്നതിൽ അർത്ഥമില്ലെന്നും ഈ പുതിയ യാഥാർത്ഥ്യവുമായി കാനഡ പൊരുത്തപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “അമേരിക്കയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ നയം. അത് ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഒരേപോലെ ബാധകമാണ്. കാനഡയ്ക്ക് മാത്രമായി ഇതിൽ ഇളവുകളില്ല,” 72-കാരനായ റിപ്പബ്ലിക്കൻ നേതാവ് വ്യക്തമാക്കി. ട്രംപ് സർക്കാർ കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലൂമിനിയം, വാഹനങ്ങൾ, സോഫ്റ്റ്വുഡ് ലംബർ എന്നിവയ്ക്ക് മേൽ വൻതോതിൽ നികുതി ചുമ ത്തിയതിനെ തുടർന്ന് കനേഡിയൻ സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയി നേരിടുന്ന സാഹചര്യത്തിലാണ് പ്രതികരണം. നികുതി ഏർപ്പെടുത്തിതിന് പിന്നാലെ തിരിച്ചടി യെന്നോണംകനേഡിയൻ വിപണികളിൽ നിന്ന് പ്രവിശ്യകൾ അമേരിക്കൻ മദ്യം കൂട്ടത്തോടെ പിൻവലിച്ചിരുന്നു. ഇത്തരത്തിലുള്ള കാനഡയുടെ നടപടികൾ തികച്ചും അന്യായമാണെന്നും അംബാസഡർ കുറ്റപ്പെടുത്തി.

“അമേരിക്കൻ മദ്യങ്ങൾ വിപണിയിൽ തിരികെ എത്തിച്ചതുകൊണ്ട് മാത്രം നികുതികളിൽ ഇളവ് നൽകാൻ യു.എസ് തയ്യാറാകില്ല. കാനഡയ്ക്ക് ഞങ്ങളുമായി ബിസിനസ് ചെയ്യാൻ താത്പര്യമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രവിശ്യകളുടെ ഇത്തരം പ്രാദേശികവാദങ്ങൾ ബന്ധങ്ങളെ കൂടുതൽ വഷളാക്കുകയേ ഉള്ളൂ.” എന്നും ഹോക്സ്ട്ര ചൂണ്ടിക്കാട്ടി. അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗൺ കാനഡയുമായുള്ള സംയുക്ത സൈനിക ആസൂത്രണ സമിതിയിൽ നിന്നുള്ള പങ്കാളിത്തം താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെയാണ് അംബാസഡറുടെ ഈ പ്രതികരണം. നാറ്റോലക്ഷ്യമിട്ട പ്രതിരോധ ബജറ്റിന്റെ രണ്ടുശതമാനം കാനഡ കൈവരിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തുവെങ്കിലും, 2035-ഓടെ ജി.ഡി.പിയുടെ 5 ശതമാനം പ്രതിരോധത്തിനായി നീക്കിവെക്കണമെന്ന പുതിയ നിബന്ധന പാലിക്കുന്നതിൽ കാനഡയ്ക്ക് കൃത്യമായ പ്ലാൻ ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മെക്സിക്കോ അമേരിക്കയുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ചതിനാൽ അവരുമായി ഔദ്യോഗിക വ്യാപാര ചർച്ചകൾ അടുത്ത ആഴ്ച ആരംഭിക്കുകയാണെന്നും, എന്നാൽ കാനഡ കടുത്ത നിലപാടുകൾ തുടരുന്നതിനാൽ യു.എസുമായുള്ള ചർച്ചകൾക്ക് തീയതി പോലും നിശ്ചയിച്ചിട്ടില്ലെന്നും ഹോക്സ്ട്ര ഓർമ്മിപ്പിച്ചു. തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും തന്റെ അംബാസഡർ പദവിയിൽ താൻ പൂർണ്ണ സന്തുഷ്ടനാണെന്നും എല്ലാ ദിവസവും യു.എസിന് വേണ്ടി പ്രതിരോധം ഒരുക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
