വൻകൂവർ: ബിസിയിൽ സ്ഥാപിക്കാനിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്ററുകൾക്കെതിരെ വൻകൂവർ ഡൗൺടൗണിൽ ശനിയാഴ്ച വൻ ജനകീയ പ്രതിഷേധ മാർച്ച് നടന്നു. വിക്ടറി സ്ക്വയറിൽ നിന്ന് ആരംഭിച്ച് പ്രശസ്തമായ ഗ്രാൻവിൽ സ്ട്രീറ്റിലൂടെ നീങ്ങിയ മാർച്ചിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രമുഖ ടെലികോം കമ്പനിയായ Telus, ഫെഡറൽ സർക്കാർ, പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ വെസ്റ്റ്ബാങ്ക് എന്നിവർ സംയുക്തമായി വൻകൂവറിലും കാംലൂപ്സിലും AI കേന്ദ്രീകൃത ഡാറ്റാ സെന്ററുകളുടെ ശൃംഖല നിർമ്മിക്കാൻ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ ജനകീയ പ്രതിഷേധം രൂപപ്പെട്ടത്. മതിയായ മുൻകരുതലുകളോ പഠനങ്ങളോ ഇല്ലാതെ അതിവേഗം നടപ്പിലാക്കുന്ന ഇത്തരം വലിയ പദ്ധതികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് തങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്ന് മാർച്ചിൽ പങ്കെടുത്തവർ വ്യക്തമാക്കി.
ഡാറ്റാ സെന്ററുകൾ പരിസ്ഥിതിക്കും തദ്ദേശീയ വിഭവങ്ങൾക്കും കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഈ സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനം പ്രവിശ്യയിലെ ഊർജ്ജ ശൃംഖലയ്ക്കും പരിമിതമായ ജലവിതരണത്തിനും വലിയ തോതിൽ അമിതഭാരം വരുത്തിവെക്കുമെന്നും വിലപ്പെട്ട ഭൂമി കൈയടക്കുമെന്നുമാണ് പ്രക്ഷോഭകരുടെ പ്രധാന വാദം. ഇതിന് പുറമെ, AI സാങ്കേതികവിദ്യ ഭാവിയിലെ തൊഴിൽ വിപണിയെ തകർക്കുമെന്ന ഭയവും കുട്ടികളുടെ ചിന്താശേഷിയെ ഇത് ദോഷകരമായി ബാധിക്കുന്നു എന്ന അധ്യാപകരുടെ പരാതിയും പ്രതിഷേധത്തിന് ആക്കം കൂട്ടി. തുടർച്ചയായ കടുത്ത വരൾച്ച കാരണം ബി.സി.ക്ക് നിലവിൽ അമേരിക്കയിൽ നിന്ന് കൽക്കരി ഉപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതി ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ വലിയ അളവിൽ ജലവും വൈദ്യുതിയും ആവശ്യമായി വരുന്ന AI സെന്ററുകൾ വരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത ബിസി ഗ്രീൻസ് പാർട്ടി നേതാവ് എമിലി ലോവൻ ചൂണ്ടിക്കാട്ടി.

അപകടസാധ്യതകളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതുവരെയും കൃത്യമായ നിയമന്ത്രണങ്ങൾ കൊണ്ടുവരുന്നതുവരെയും പ്രവിശ്യയിൽ AI ഡാറ്റാ സെന്ററുകളുടെ നിർമ്മാണത്തിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തണമെന്ന് ഗ്രീൻസ് പാർട്ടി ആവശ്യപ്പെട്ടു. കോർപ്പറേറ്റ് ലാഭത്തേക്കാൾ ജനങ്ങളുടെ നന്മയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കൂടുതൽ പൊതുജന കൂടിയാലോചനകൾ ആവശ്യമാണെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. എന്നാൽ, ഈ നിർദ്ദിഷ്ട ഡാറ്റാ സെന്ററുകൾ കാനഡയുടെ സാങ്കേതിക ശേഷി വർദ്ധിപ്പിക്കുമെന്നും വളർന്നുവരുന്ന ഐടി മേഖലയിൽ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് വ്യവസായ അനുകൂലികളുടെയും കമ്പനി അധികൃതരുടെയും വാദം.
