വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോസ്റ്റിന് നേരെ വെടിയുതിർത്ത യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. നസീർ ബെസ്റ്റ് (21) എന്ന ഈ പ്രതി, താനാണ് “യഥാർത്ഥ” ഒസാമ ബിൻ ലാദൻ എന്ന് അവകാശപ്പെട്ടിരുന്നതായും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അപായപ്പെടുത്തുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഇയാൾ, താൻ യേശുക്രിസ്തുവിന്റെ പുതിയ രൂപമാണെന്നും പൊലീസിന്റെ പിടിയിലാകാൻ ആഗ്രഹിക്കുന്നുവെന്നും മുൻപ് പറഞ്ഞിരുന്നു.
മേരിലാൻഡ് സ്വദേശിയായ നസീർ ബെസ്റ്റ് മുൻപും വൈറ്റ് ഹൗസിന് മുന്നിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ വൈറ്റ് ഹൗസിലേക്കുള്ള വഴി തടഞ്ഞതിനെ തുടർന്ന് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. അതിനുശേഷം വീണ്ടും അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനും ഇയാൾ പിടിയിലായി. വൈറ്റ് ഹൗസ് പരിസരത്ത് പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഇയാൾ ബാഗിൽ നിന്ന് തോക്കെടുത്ത് സുരക്ഷാ ഗേറ്റിലേക്ക് വെടിയുതിർത്തത്. ഈ സമയം ഡോണൾഡ് ട്രംപും നിരവധി മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നു.

ഒരു മാസം മുൻപ് വാഷിംഗ്ടണിലെ ഒരു ഹോട്ടലിൽ വെച്ച് ട്രംപിന് നേരെ വധശ്രമം നടന്നിരുന്നു. അതിനുശേഷം പ്രസിഡന്റിന്റെ സുരക്ഷാ മേഖലയ്ക്ക് സമീപം വെടിവെപ്പ് ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. മുൻപ് പലതവണ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയിട്ടുണ്ടെങ്കിലും അക്രമാസക്തനാകുകയോ ആയുധം കൈവശം വെക്കുകയോ ചെയ്ത ചരിത്രം ഇയാൾക്ക് ഉണ്ടായിരുന്നില്ല. അതീവ സുരക്ഷാ മേഖലയിലുണ്ടായ ഈ വെടിവെപ്പ് അമേരിക്കൻ സുരക്ഷാ ഏജൻസികളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.
