ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആർ നടപടിക്ക് സുപ്രീംകോടതി അംഗീകാരം. എസ്ഐആർ നടപടികൾ ഭരണഘടനാ വിരുദ്ധമല്ലെന്നും, കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിലൂടെ ഇത് ഭരണഘടനയ്ക്ക് കൂടുതൽ കരുത്ത് പകരുകയാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

വോട്ടർ പട്ടികയിലെ പേര് വെട്ടലിലൂടെ പൗരത്വം ഇല്ലാതാക്കാൻ പിൻവാതിലിലൂടെ ശ്രമിക്കുകയാണെന്ന ഹർജിക്കാരുടെയും പ്രതിപക്ഷത്തിന്റെയും ആരോപണങ്ങൾ കോടതി പൂർണ്ണമായും തള്ളി. പൗരത്വം നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും, എന്നാൽ വോട്ടർ പട്ടികയിൽ ഒരാളെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പൗരത്വ പരിശോധനയുടെ പരിമിതമായ വശങ്ങൾ കമ്മീഷന് ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ ഈ നടപടികൾ അനിവാര്യമാണ്. എസ്ഐആറിൽ പങ്കാളികളാകാനും പരാതി പരിഹാരത്തിനുമായി നിരവധി അവസരങ്ങൾ ഈ പ്രക്രിയയിൽ ഉടനീളം നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
