Tuesday, June 9, 2026

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം; സമരഗേറ്റും അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ ഒരാഴ്ച മുന്‍പ് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും വ്യാപകമാക്കിയിരിക്കുകയാണ്. പൊതുസന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ മറയാക്കിയാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെയും തടയുന്നത്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോര്‍ത്ത് ഗേറ്റ് (സമരഗേറ്റ്) ബാരിക്കേഡ് വെച്ച് പൂര്‍ണ്ണമായി അടയ്ക്കുകയും ചെയ്തു.

ബന്ധപ്പെടേണ്ട വകുപ്പില്‍ നിന്നുള്ള പ്രത്യേക ശിപാര്‍ശ ഇല്ലാതെ, സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് കന്റോണ്‍മെന്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന കര്‍ശന നിര്‍ദേശം. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് (പിആര്‍ഡി) കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക അക്രഡിറ്റേഷന്‍ നല്‍കുന്നത്. സെക്രട്ടേറിയറ്റ് അടക്കമുള്ള നിയന്ത്രിത മേഖലകളില്‍ സുഗമമായി പ്രവേശിച്ച് വാര്‍ത്താ ശേഖരണം നടത്തുന്നതിന് വേണ്ടിയാണ് ഈ കാര്‍ഡുകള്‍ അനുവദിക്കുന്നത് എങ്കിലും, നിലവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ കാര്‍ഡുമായി എത്തുന്നവരെയും തടയുകയാണ്.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേത്തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശക സമയം വൈകിട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയായി പരിമിതപ്പെടുത്തിയിരുന്നു. പാസ് എടുത്തോ, അല്ലെങ്കില്‍ അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഫോണ്‍ കോള്‍ വഴിയോ മാത്രമേ ഈ സമയത്തും സന്ദര്‍ശകര്‍ക്ക് അകത്ത് കടക്കാന്‍ സാധിക്കൂ. പൊതുജനങ്ങള്‍ക്കുള്ള ഈ നിയന്ത്രണം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ജീവനക്കാര്‍ ഇപ്പോള്‍ മാധ്യമങ്ങളുടെ പ്രവേശനവും തടസ്സപ്പെടുത്തുന്നത്.

നിരന്തരം സമരങ്ങള്‍ നടക്കുന്നതിനാലും ജനങ്ങളുടെ പ്രധാന പ്രവേശന മാര്‍ഗമായതിനാലും ‘സമരഗേറ്റ്’ എന്നറിയപ്പെടുന്ന നോര്‍ത്ത് ഗേറ്റും ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടനെ തുറന്നുകൊടുത്ത ഗേറ്റാണ് ഇപ്പോള്‍ വീണ്ടും അടച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മുന്‍പ് പിണറായി സര്‍ക്കാരിന്റെ കാലത്താണ് സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് സമാനമായ രീതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അന്ന് പ്രതിപക്ഷത്തായിരുന്നവര്‍ ഈ മാധ്യമ വിലക്കിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സന്ദര്‍ശക സമയക്രമം ഉള്‍പ്പെടെ മുന്‍ സര്‍ക്കാരിന്റെ കാലത്തെ അതേ രീതിയിലേക്ക് ഇപ്പോള്‍ വീണ്ടും കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. അതേസമയം, മുഖ്യമന്ത്രി ബജറ്റിന്റെ തിരക്കിലായതിനാല്‍ സെക്രട്ടേറിയറ്റിലെ പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സമയം ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ മാസം തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!