മുംബൈ: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിന്റെ പ്രതീകമായി ഇസ്രയേലില്‍ ഛത്രപതി ശിവജി മഹാരാജിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനം. ശിവരാജ്യാഭിഷേക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ചാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ പദ്ധതി ഇരുരാജ്യങ്ങളിലെയും ജനങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയ്ക്ക്, പ്രത്യേകിച്ച് മഹാരാഷ്ട്രയ്ക്ക് ഛത്രപതി ശിവജി മഹാരാജ് എത്രത്തോളം പ്രധാനപ്പെട്ടതും ആദരണീയനുമായ വ്യക്തിത്വമാണെന്ന് ഇസ്രയേലിന് വ്യക്തമായി അറിയാമെന്ന് യാനിവ് റെവാച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് (ANI) പറഞ്ഞു. മഹാരാജിന്റെ വലിയ പ്രതിമ ഇന്ത്യയില്‍ നിര്‍മിച്ച് ഇസ്രയേലിലേക്ക് കൊണ്ടുപോകാനാണ് നിലവില്‍ ലക്ഷ്യമിടുന്നത്. ഇസ്രയേലിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരത്തിലാകും ഈ സ്മാരകം സ്ഥാപിക്കുക. ശിവജി മഹാരാജിന്റെ പൈതൃകത്തിന് അനുയോജ്യമായ രീതിയില്‍ സ്മാരകം ഒരുക്കുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സഹായം ഇസ്രയേല്‍ തേടിയിട്ടുണ്ട്. ചരിത്രപരമായ വിവരങ്ങള്‍, കലാപരമായ ഉപദേശങ്ങള്‍, രൂപകല്‍പ്പന എന്നിവയ്ക്കുള്ള പൂര്‍ണ്ണ സഹായം നല്‍കാമെന്ന് മുഖ്യമന്ത്രി ഉടന്‍ തന്നെ സമ്മതിക്കുകയും ചെയ്തു.

മഹാരാഷ്ട്രയും ഇവിടത്തെ ജൂത സമൂഹവും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ചരിത്രപരമായ ബന്ധത്തിന്റെ പ്രതീകം കൂടിയായിരിക്കും ഈ പ്രതിമ. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇസ്രയേലിനോടും അവിടത്തെ ദേശീയ വീരന്മാരോടും വലിയ ബഹുമാനമുണ്ട്. സമാനമായ രീതിയില്‍ ശിവജി മഹാരാജിന്റെ ധീരമായ ജീവിതത്തെയും ഭരണനേട്ടങ്ങളെയും കുറിച്ച് കൂടുതല്‍ ഇസ്രയേല്‍ പൗരന്മാര്ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഈ പദ്ധതി ഉപകരിക്കുമെന്നും യാനിവ് റെവാച്ച് കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന്റെ ഈ ചരിത്രപരമായ തീരുമാനത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇതൊരു വലിയ വാര്‍ത്തയാണെന്നും ശിവരാജ്യാഭിഷേക ദിനത്തില്‍ ഇസ്രയേലില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ചിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും ഫഡ്നാവിസ് എക്സില്‍ (X) കുറിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ സംരംഭത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും ഉടനടി നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
