Tuesday, June 9, 2026

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്; തമിഴ്നാടുമായി സമവായത്തിന് ശ്രമമെന്ന് വിശദീകരണം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പകരമായി പുതിയ ഡാം നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ നിലപാട് വീണ്ടും ആവര്‍ത്തിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ശ്രമിച്ചുവരികയാണെന്നും സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടു മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ആവശ്യമായ ജലലഭ്യതയും ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള പരിഹാരമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടിലെ കമ്പം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തി കൂടുതല്‍ വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച മന്ത്രി, തമിഴ്നാട്ടിലെ പുതിയ സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കാന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിയെ വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കുമെന്നും, സംസ്ഥാനത്തിന്റെ സുരക്ഷാ ആശങ്കകള്‍ പരിഗണിച്ചുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!