കുവൈറ്റ് സിറ്റി: ഇന്ത്യ ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് ഔദ്യോഗിക അംഗീകാരം നല്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ഗാര്‍ഹിക തൊഴിലാളി വിപണി നിയന്ത്രിക്കുന്നതിന്റെയും നടപടിക്രമങ്ങള്‍ പരിഷ്കരിക്കുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയം അംഗീകൃത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറമേ ദക്ഷിണാഫ്രിക്ക, ബെനിന്‍, എറിത്രിയ, എത്യോപ്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, വിയറ്റ്നാം, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കും പുരുഷ തൊഴിലാളികള്‍ക്ക് മാത്രമായി സെനഗലിനുമാണ് പട്ടികയില്‍ അനുമതിയുള്ളത്.
റിക്രൂട്ട്മെന്റ് നടപടികള്‍ കൂടുതല്‍ സുതാര്യവും ലളിതവുമാക്കാന്‍ ഗവര്‍ണറേറ്റ് തലത്തിലുള്ള പ്രത്യേക സേവന കേന്ദ്രങ്ങള്‍ വഴി അപേക്ഷകള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയാണ് ഈ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക. കുവൈത്തിലെ തൊഴിലുടമകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുള്ള ഈ പുതിയ തീരുമാനം.

അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി റിക്രൂട്ട്മെന്റിന് പൂര്‍ണ്ണമായോ ഭാഗികമായോ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള 27 രാജ്യങ്ങളുടെ പട്ടികയും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (PAM) എന്നിവയുടെ സംയുക്ത വിലയിരുത്തലുകളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണം. സുരക്ഷ, ആരോഗ്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി ചില രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാത്രമായും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
