വാഷിങ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള H-1B വീസയ്ക്ക് 1 ലക്ഷം ഡോളർ അധിക ഫീസ് ചുമത്തിയിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറൽ കോടതി റദ്ദാക്കി. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ലിയോ സോറോക്കിനാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഫീസ് വർധനവ് ഭരണഘടനാ വിരുദ്ധമാണെന്നും പ്രസിഡന്റിന്റെ അധികാരപരിധിക്ക് പുറത്തുള്ള നടപടിയാണെന്നും കോടതി നിരീക്ഷിച്ചു. 42 പേജുള്ള വിധിന്യായത്തിൽ, H-1B വീസയ്ക്ക് ചുമത്തിയ അധിക തുക യഥാർത്ഥത്തിൽ ഒരു നികുതിയുടെ സ്വഭാവമുള്ളതാണെന്നും നികുതി ചുമത്താനുള്ള അധികാരം യുഎസ് കോൺഗ്രസിന് മാത്രമാണെന്നും കോടതി വ്യക്തമാക്കി.
ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശ വിദഗ്ധരെ നിയമിക്കുന്ന കമ്പനികൾക്കും സർവകലാശാലകൾക്കും വൻ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്ന ഫീസ് ഘടനയാണ് ഇതോടെ അസാധുവായത്.

അമേരിക്കയിലെ സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഐടി പ്രൊഫഷണലുകളാണ് H-1B വീസയുടെ പ്രധാന ഗുണഭോക്താക്കൾ. സാധാരണയായി ഏതാനും ആയിരം ഡോളർ മാത്രമായിരുന്ന വീസ ഫീസാണ് ട്രംപ് ഭരണകൂടം 1 ലക്ഷം ഡോളറായി ഉയർത്താൻ തീരുമാനിച്ചിരുന്നത്. ഇത് ഏകദേശം 84 ലക്ഷം രൂപയ്ക്കു തുല്യമാണ്.
കോടതിയുടെ പുതിയ വിധി ഇന്ത്യൻ ഐടി കമ്പനികൾക്കും അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും വലിയ ആശ്വാസമായി വിലയിരുത്തപ്പെടുന്നു. വിദേശ പ്രതിഭകളെ നിയമിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയായാണ് നിയമ വിദഗ്ധർ വിധിയെ കാണുന്നത്. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സാധ്യത ട്രംപ് അനുകൂല വിഭാഗങ്ങൾ പരിശോധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
